ന്യുനപക്ഷ സ്‌കോളര്‍ഷിപ്പ് വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ മുസ്ലീം ലീഗ്.സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അനാവശ്യമായ ഭിന്നത ഉണ്ടാക്കുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന് നേരത്തെയുണ്ടായിരുന്ന അനുപാതം മാറ്റി ജനസംഖ്യാടിസ്ഥാനത്തിലാക്കിയ ഇടത് സര്‍ക്കാര്‍ നടപടി ബിജെപിക്കല്ലാതെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു

വിഷയത്തില്‍ പാലൊളി കമ്മീഷന്‍ തന്നെ ആവശ്യമില്ലാത്ത ഒന്നായിരുന്നു. നൂറ് ശതമാനം മുസ്ലീം സമുദായത്തിന് അര്‍ഹമായ വിഷയം ചര്‍ച്ചയ്ക്ക് വച്ച് പ്രശ്നമാക്കി. 80:20 എന്ന സമീപനമാണ് പ്രശ്നം രൂക്ഷമാക്കിയത്. സച്ചാര്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ മുസ്ലീം വിഭാഗത്തിന് വേണ്ടിയാണ് അത് നടപ്പാക്കണം, മറ്റ് സമുദായങ്ങള്‍ വേറെ പദ്ധതി രൂപീകരിക്കുന്നതില്‍ പ്രശ്നമില്ല. ഈ നിലപാട് സ്വീകരിക്കണമെന്നാണ് യുഡിഎഫിലും, മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിലും, സര്‍വകക്ഷിയോഗത്തിലും മുസ്ലീം ലീഗ് വ്യക്തമാക്കിയത്. അതില്‍ മാറ്റമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കുന്നു. വിഷയത്തില്‍ പ്രതിപക്ഷ നേതാവുമായി താന്‍ സംസാരിച്ചിട്ടുണ്ടെന്നും ലീഗിന്റെ നിലപാടിനൊപ്പമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞതായും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

അനാവശ്യമായ വിഭാഗീയത ഉണ്ടാക്കുന്ന ചര്‍ച്ച സര്‍ക്കാര്‍ മുന്‍കൈ എടുത്ത് കൊണ്ടുവരികയാണ്. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഒരു സ്‌കോളര്‍ഷിപ്പ് മാത്രമല്ല. ഇന്ത്യയിലെ മുസ്ലിം പിന്നാക്കവസ്ഥയുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ രൂപീകരിച്ചതാണ് സച്ചാര്‍ കമ്മീഷന്‍. ആ കമ്മീഷന്‍ നിര്‍ദേശിച്ച ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ കേരളത്തില്‍ ഇടത് സര്‍ക്കാര്‍ പാലോളി കമ്മീഷന്‍ രൂപീകരിച്ചു. അതാണ് ഈ ചര്‍ച്ചമുഴുവനും ഉണ്ടാക്കിയത്. ഒരു സമുദായത്തിലെ പിന്നാക്കാവിഭാഗത്തിലുള്ളവരെ പഠിച്ച് കൊണ്ടുവന്ന പദ്ധതിയണിത്. അതിനെയാണ് ഇങ്ങനെ വികലമാക്കിയത്. മറ്റു ന്യൂനപക്ഷങ്ങള്‍ക്ക് ഒരു കമ്മീഷന്‍ വെച്ച് മറ്റൊരു സ്‌കീം കൊണ്ടുവന്നാല്‍ മതി. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിന് പകരം ആദ്യം വെട്ടിക്കുറച്ചു. ഇപ്പോള്‍ ഇല്ലാതാക്കുകയാണ് ഇടത് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. അതൊരു സത്യമാണ്. ആ വസ്തുതയാണ് ഞങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നത്. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

‘രണ്ടും രണ്ടായി പരിഗണിക്കണമെന്ന ലീഗിന്റെ അഭിപ്രായത്തോട് കൂടെയാണ് ഉള്ളതെന്നാണ് പ്രതിപക്ഷ നേതാവുമായി ഞാന്‍ സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്. സര്‍ക്കാരിന്റെ നിലപാട് ഒരു നിലക്കും സ്വാഗതം ചെയ്യുന്നില്ല. അതിനെ ഞങ്ങള്‍ നിയമസഭയിലടക്കം എതിര്‍ക്കും. കണക്ക് കണക്കാണ്. പ്രതിപക്ഷ നേതാവിന്റെ നിലപാടല്ല ഇപ്പോഴത്തെ വിഷയം. സച്ചാര്‍ കമ്മീഷന്‍ നിര്‍ദേശം തള്ളികളയുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ നിലപാടി ബിജെപിക്കല്ലാതെ മറ്റൊരു പാര്‍ട്ടിക്കും അംഗീകരിക്കാനാകില്ല’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *