ന്യൂഡല്‍ഹി: കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട കേസില്‍ കേരളം നല്കിയ പ്രധാന ഹര്‍ജി സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും. കടമെടുപ്പ് പരിധിയില്‍ ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് കേരളവും കേന്ദ്രവും നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. തുടര്‍ന്നാണ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ.വി. വിശ്വനാഥന് എന്നിവരടങ്ങുന്ന ബെഞ്ച് ഹരജി ഭരണഘടനാ ബെഞ്ചിന് വിട്ടത്.
10,000 കോടി രൂപ കൂടി കടമെടുക്കാന്‍ അനുമതി നല്കാന് കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നതാണ് കേരളത്തിന്റെ ആവശ്യം. കടമെടുപ്പു പരിധി വെട്ടിക്കുറച്ചതിനെതിരെ കേരളം നല്കിയ ഹര്‍ജി പരിഗണിക്കവേ 13,600 കോടി രൂപ കടമെടുക്കാന്‍ അനുവദിക്കാമെന്ന് നേരത്തേ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഈ തുക മതിയാകില്ലെന്നും 10,000 കോടി രൂപയ്ക്കു കൂടി അനുമതി നല്കാന് കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും കേരളം ഇടക്കാല ആവശ്യം ഉന്നയിച്ചിരുന്നു.
എന്നാല്‍, കര്‍ശന ഉപാധികളോടെ 5000 കോടി രൂപയ്ക്ക് അനുമതി നല്‍കാമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം കേരളം തള്ളിയിരുന്നു.
