തൃശൂര്‍: കരുവന്നൂരില്‍ സിപിഎം പാവങ്ങളുടെ പണം കൊള്ളയടിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ മൂന്നു വര്‍ഷമായി മുഖ്യമന്ത്രി കള്ളം പറയുന്നു. കരുവന്നൂരില്‍ പണം തിരിച്ചുതരാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മോദി കുന്നംകുളത്തെ പൊതുയോഗത്തില്‍ പറഞ്ഞു. സഹകരണ കൊള്ളയെക്കുറിച്ച് രാഹുല്‍ ഗാന്ധി നിശബ്ദനെന്നും മോദി ആരോപിച്ചു.കേരള സര്‍ക്കാരിന് അഴിമതിയിലാണ് താല്പര്യമെന്ന് മോദി. ഇടത്, വലത് മുന്നണികള്‍ സംസ്ഥാനത്തെ പുറകോട്ടടിക്കുന്നു. ബംഗാളും ത്രിപുരയും അവര്‍ നശിപ്പിച്ചു, ഇപ്പോള്‍ കേരളത്തേയും. കേരളത്തില്‍ അക്രമവും അരാജകത്വവും കൂടുന്നു. കോളജ് ക്യാംപസുകള്‍ സാമൂഹ്യവിരുദ്ധരുടെ താവളമായിരിക്കുന്നുവെന്നും മോദി കുറ്റപ്പെടുത്തി.
കേരളത്തില്‍ പുതുവികസനത്തിന്റെയും രാഷ്ട്രീയത്തിന്റെയും വര്‍ഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദക്ഷിണേന്ത്യയില്‍ ബുള്ളറ്റ് ട്രെയിന്‍ കൊണ്ടുവരും. കഴിഞ്ഞ പത്തുവര്‍ഷം കണ്ടത് വികസനത്തിന്റെ ട്രെയിലര്‍ മാത്രം. ഇനി കാണുന്നതാണ് സിനിമയെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രസംഗത്തിനിടെ മോദിയുടെ ഗ്യാരണ്ടികളും പ്രധാനമന്ത്രി എടുത്ത് പറഞ്ഞു.