സിപിഐയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് അഡ്വ.എ ജയശങ്കറിനെ പുറത്താക്കിയത് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമല്ലാത്തതുകൊണ്ടാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി. രാജു. ജയശങ്കറുടെ സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങളും പാര്‍ട്ടി നടപടിയും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും പി രാജു പ്രതികരിച്ചു.

അതേസമയം ഇടതുപക്ഷ വിരുദ്ധ നിലപാടുകളാണ് ജയശങ്കര്‍ സ്വീകരിക്കുന്നതെന്ന് പാര്‍ട്ടി കമ്മിറ്റിയില്‍ അഭിപ്രായം ഉയര്‍ന്നതുകൊണ്ടാണ് അംഗത്വം പുതുക്കേണ്ടതെന്ന് തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അഡ്വക്കേറ്റ് എ.ജയശങ്കറിനെ സിപിഐ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഒഴിവാക്കിയെന്ന റിപ്പോര്‍ട്ട് ചൊവ്വാഴ്ചയാണ് പുറത്തുവന്നത്.

യോഗത്തില്‍ പങ്കെടുത്തിരുന്നില്ലെന്നും തന്റെ അസാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനമെന്നും അഡ്വക്കേറ്റ് ജയശങ്കര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ജയശങ്കര്‍ പറഞ്ഞു.

സിപിഐ ഹൈക്കോടതി അഭിഭാഷകരുടെ ബ്രാഞ്ചില്‍ നിന്നാണ് ജയശങ്കറിനെ ഒഴിവാക്കിയത്. 2020ല്‍ അഡ്വക്കേറ്റ് ജയശങ്കറിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.

സിപിഐ കൂടി കക്ഷിയായ ഇടതുമുന്നണി സര്‍ക്കാരിനെതിരെയും സിപിഐഎം നേതാക്കള്‍ക്കെതിരെയും ചാനല്‍ ചര്‍ച്ചകളിലും സാമൂഹ്യമാധ്യമങ്ങളിലും ജയശങ്കര്‍ രൂക്ഷവിമര്‍ശനം ഉന്നയിക്കുന്നതിനെ ചൊല്ലി സിപിഎം നേതാക്കള്‍ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. ജയശങ്കര്‍ പങ്കെടുക്കുന്ന ചാനല്‍ ചര്‍ച്ചകളും സിപിഐഎം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *