ന്യൂഡല്‍ഹി: ഏഴാംഘട്ട ലോക്സഭ തെരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് തുടങ്ങി രണ്ടുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ 11.31 ശതമാനമാണ് പോളിങ്. രാവിലെ ഏഴുമണിക്കാണ് വോട്ടെടുപ്പ് തുടങ്ങിയത്. ഒമ്പത് മണിവരെയുള്ള പോളിങ് ശതമാനമാണിത്. വോട്ടെടുപ്പ് മന്ദഗതിയിലാണ്. ബിഹാര്‍-10.58, ചണ്ഡീഗഢ്-11.64, ഹിമാചല്‍ പ്രദേശ്-14.35, ഝാര്‍ഖണ്ഡ്-12.15, ഒഡിഷ-7.69, പഞ്ചാബ്-9.64, ഉത്തര്‍പ്രദേശ്-12.94, പശ്ചിമബംഗാള്‍-12.63 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ പോളിങ് ശതമാനം.
ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം ഒഡിഷയില്‍ നിയമസഭ തെരഞ്ഞെടുപ്പും നടക്കുന്നുണ്ട്.
543 ലോക്സഭ മണ്ഡലങ്ങളില്‍ അവശേഷിക്കുന്ന 57 എണ്ണത്തിലേക്കാണ് അവസാനഘട്ടവോട്ടെടുപ്പ് പുരോഗമിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം 904 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.
