നിയമസഭാ തിരഞ്ഞെടുപ്പിൽ പട്ടാമ്പി മണ്ഡലത്തിലേക്ക് മാറുമെന്ന വാര്‍ത്തകളോട് പ്രതികരികരിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍. പാലക്കാട് മണ്ഡലം വിട്ട് എവിടേക്കുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണ ഷാഫി പറമ്പില്‍ മണ്ഡലം മാറുന്നത് സംബന്ധിച്ചുള്ള വാര്‍ത്തകള്‍ അഭ്യൂഹം മാത്രമാണ്. അത്തരമൊരു ചര്‍ച്ച ഡല്‍ഹിയില്‍ നടന്നിട്ടേയില്ല. പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ വാര്‍ത്തയാണെന്നും ഷാഫി പറഞ്ഞു. പട്ടാമ്പിയിലേക്ക് മാറണമെങ്കില്‍ തനിക്ക് നേരത്തെ തന്നെ മാറാമായിരുന്നു. അതിന് ഇതുവരെ ശ്രമിച്ചിട്ടില്ല. തുടക്കക്കാരന്റെ പതര്‍ച്ച നേരിട്ടപ്പോഴും എന്നെ ചേര്‍ത്തുപിടിച്ച പ്രദേശമാണിത്. പാലക്കാട്ടുകാര്‍ തനിക്ക് ഉള്ളറിഞ്ഞ് പിന്തുണ തന്നു. യുഡിഎഫ് കേരളം മുഴുവന്‍ തോറ്റപ്പോഴും 17,000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിപ്പിച്ച ജനതയാണ്.

പാലക്കാട്ടുകാര്‍ക്ക് എന്നെ വേണ്ട എന്നു പറയാത്തിടത്തോളം കാലം ഈ മണ്ഡലത്തില്‍ നിന്നും പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഷാഫി പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയും ഇന്നു രാവിലെയും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമായും സംസാരിച്ചിരുന്നു. പാലക്കാട് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇന്നലെ ചര്‍ച്ചയ്ക്ക് ശേഷം നേതാക്കള്‍ തന്നോട് ആവശ്യപ്പെട്ടതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. വ്യാപകമായ മാറ്റത്തിന് സാധ്യതയില്ലെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *