നെടുമ്പാശ്ശേരി: കുവൈത്തില്‍ തീപിടിത്ത ദുരന്തത്തില്‍ മരിച്ച 23 മലയാളികള്‍ക്ക് കേരളത്തിന്റെ അന്തിമോപചാരം. രാവിലെ പത്തരയോടെ വ്യോമസേന വിമാനത്തിലാണ് മൃതദേഹങ്ങള്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിച്ചത്. തുടര്‍ന്ന് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്രമന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, മന്ത്രിമാര്‍ അടക്കമുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
തുടര്‍ന്ന് ജില്ല ഭരണകൂടങ്ങള്‍ ഏറ്റുവാങ്ങിയ മൃതദേഹങ്ങള്‍ പ്രത്യേക ആംബുലന്‍സില്‍ പൊലീസ് അകമ്പടിയോടെ ജന്മനാട്ടിലേക്ക് കൊണ്ടുപോയി. കേരളത്തിലെ 23 പേരുടെ കൂടാതെ തമിഴ്നാട്ടിലെ ഏഴു പേരുടെയും കര്‍ണാടകയിലെ ഒരാളുടെയും മൃതദേഹങ്ങളും കൊച്ചിയില്‍ എത്തിച്ചിരുന്നു. ഈ മൃതദേഹങ്ങള്‍ അതാത് സര്‍ക്കാര്‍ പ്രതിനിധികള്‍ ഏറ്റുവാങ്ങി മരിച്ചവരുടെ സ്വദേശത്തേക്ക് ആംബുലന്‍സ് മാര്‍ഗം കൊണ്ടുപോയി. തമിഴ്നാട് സ്വദേശികളുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ സംസ്ഥാന ന്യൂനപക്ഷ, പ്രവാസിക്ഷേമ മന്ത്രി കെ.എസ്. മസ്താനും എത്തിയിരുന്നു.
