ന്യൂഡല്‍ഹി: ടിപി വധക്കേസില്‍ ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് പ്രതികള്‍. ഇരട്ട ജീവപര്യന്തം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് എട്ട് പ്രതികള്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കിര്‍മാണി മനോജും കൊടി സുനിയും ഉള്‍പ്പെടെ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികളും സിപിഎം നേതാക്കളായ ജ്യോതി ബാബുവും കെ.കെ കൃഷ്ണനുമാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
മൂന്ന് സെറ്റ് ഹര്‍ജികളാണ് ടിപി കേസിലെ പ്രതികളുടെ ഭാഗത്തു നിന്നും സുപ്രീം കോടതിയില്‍ എത്തിയിരിക്കുന്നത്. 12 വര്‍ഷമായി തങ്ങള്‍ ജയിലില്‍ കഴിയുകയാണെന്നും ഉചിതമായ രീതിയില്‍ വിചാരണയുടെ ആനുകൂല്യം ലഭിച്ചില്ലെന്നും പ്രതികള്‍. തങ്ങള്‍ പറഞ്ഞ കാര്യങ്ങളെ പരിഗണിക്കാതെയാണ് വിധിയിലേക്ക് എത്തിയതെന്നും പ്രതികള്‍ അപ്പീലില്‍ പറയുന്നു. അപ്പീലില്‍ നടപടിയെടുക്കുന്നത് വരെ തങ്ങള്‍ക്ക് ജാമ്യം നല്‍കണമെന്നും പ്രതികള്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
