തിരുവനന്തപുരം: മീന്‍ പിടിക്കുന്നതിനിടയില്‍ ജെല്ലിഫിഷ് (കടല്‍ച്ചൊറി) കണ്ണില്‍ തെറിച്ച് അലര്‍ജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അര്‍ത്തയില്‍ പുരയിടത്തില്‍ പ്രവീസ് (56) ആണ് മരിച്ചത്. ഉള്‍ക്കടലില്‍ മീന്‍ പിടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ജൂണ്‍ 29 നാണ് പ്രവീസ് മക്കള്‍ക്കൊപ്പം രണ്ട് നോട്ടിക്കല്‍ മൈല്‍ ദൂരെ ഉള്‍ക്കടലില്‍ മീന്‍ പിടിക്കാനെത്തിയത്. അതിനിടെ വലയില്‍ കുടുങ്ങിയ ജെല്ലിഫിഷിനെ എടുത്തുമാറ്റുന്നതിനിടയില്‍ കണ്ണില്‍ തെറിച്ചു. അലര്‍ജി ബാധിച്ച് കണ്ണില്‍ നീരു വന്നതോടെ പുല്ലുവിള ആശുപത്രിയില്‍ ചികിത്സ തേടി. അസുഖം കൂടിയതോടെ ബന്ധുക്കള്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെനിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു മരണം.
