രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ കുത്തകയല്ലെന്നും അപകടങ്ങളും രക്തസാക്ഷിത്വവും തമ്മില്‍ വിത്യാസമുണ്ടെന്നും ഉത്തരാഖണ്ഡ് കൃഷി മന്ത്രിയും ബി.ജെ.പി. നേതാവുമായ ഗണേഷ് ജോഷി. ഗാന്ധി കുടുംബത്തിലുള്ളവര്‍ക്ക് സംഭവിച്ചത് അപകടങ്ങളായിരുന്നുവെന്നും ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന് ഡെറാഡൂണില്‍ മാധ്യമങ്ങളോട് മറുപടി പറയുകയായിരുന്നു ജോഷി.
‘സ്വാതന്ത്ര്യസമരത്തിന്‍റെ ഭാഗമായി ഭഗത് സിംഗ്, സവർക്കർ, ചന്ദ്രശേഖർ ആസാദ് എന്നിവരുടെ രക്തസാക്ഷിത്വങ്ങളെ നമ്മള്‍ കണ്ടു. എന്നാല്‍ ഗാന്ധി കുടുംബത്തിലെ അംഗങ്ങൾക്ക് സംഭവിച്ചത് അപകടങ്ങളായിരുന്നു. അപകടങ്ങളും രക്തസാക്ഷിത്വവും തമ്മിൽ വ്യത്യാസമുണ്ട്’- ഗണേഷ് ജോഷി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര സുഗമമായി പര്യവസാനിക്കാന്‍ കാരണം നരേന്ദ്ര മോദിയാണ്. അതിന് രാഹുല്‍ മോദിയോട് നന്ദി പറയണമെന്നും മന്ത്രി രാഹുല് ഗാന്ധിയുടെ കശ്മീരിലെ പ്രസംഗത്തിന് മറുപടിയായി പറഞ്ഞു.
അക്രമത്തിന്റെ വേദന പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും മനസ്സിലാവില്ലെന്നായിരുന്നു ഭാരത് ജോഡോ യാത്രയുടെ സമാപനത്തില്‍ രാഹുല്‍ പ്രസംഗിച്ചത്. ‘മുത്തശ്ശി ഇന്ദിരാഗാന്ധിയും പിതാവ് രാജീവ് ഗാന്ധിയും കൊല്ലപ്പെട്ട സംഭവം തന്നെ അറിയിച്ചത് ഓര്‍ത്തെടുത്തുകൊണ്ടായിരുന്നു രാഹുലിന്റെ പരാമര്‍ശം.

Leave a Reply

Your email address will not be published. Required fields are marked *