
ബാലരാമപുരത്ത് അമ്മാവൻ കിണറ്റിലെറിഞ്ഞ് രണ്ടുവയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ യാതൊരു പങ്കുമില്ലെന്ന് ജ്യോതിഷിയെന്ന് വിശേഷിപ്പിക്കുന്ന ദേവീദാസൻ. കഴിഞ്ഞ ദിവസം ഇയാളെ കുട്ടിയുടെ അമ്മ ശ്രീതു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിനുശേഷം ദേവീദാസനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. താൻ ഒരു വസ്തു വിൽക്കുന്നതിന്റെയും ബ്രോക്കറായി പ്രവർത്തിച്ചിട്ടില്ലെന്നാണ് ദേവീദാസൻ പറയുന്നത്ഞാൻ ആരുടെയും ആത്മീയ ഗുരുവല്ല. എന്നെ ഒരു സ്വാമിയായി ചിത്രീകരിക്കരുത്. ഞാനൊരു ജ്യോതിഷിയാണ്. ഒരു വസ്തുവിന്റെയും ബ്രോക്കറായി പ്രവർത്തിച്ചിട്ടില്ല. കുടുംബസ്ഥനാണ്. അവർ ഒരു പൈസ പോലും എന്നെ ഏൽപ്പിച്ചിട്ടില്ല. പ്രതിയായ ഹരികുമാർ തനിക്കൊപ്പം ഉണ്ടായിരുന്നത് കൊവിഡിന് മുൻപായിരുന്നു. അയാൾ ഇവിടെ ജോലിക്ക് നിന്നിട്ടുണ്ട്. ഹരികുമാറിന്റെ കുടുംബത്തെ പരിചയമുണ്ട്. ജോലിക്ക് വന്ന സമയത്ത് അയാൾ നല്ല അനുസരണ ഉളള വ്യക്തിയായിരുന്നു.കുറച്ച് നാൾ കഴിഞ്ഞപ്പോൾ അയാളുടെ സ്വഭാവത്തിൽ മാറ്റം വന്നു. മാനസികവൈകല്യം ഉളളതു പോലെയായിരുന്നു. അങ്ങനെ അയാളുടെ അച്ഛനെയും അമ്മയെയും വിവരം അറിയിച്ച് തിരികെ അയച്ചു. ഏഴ് മാസം മുൻപ് ശ്രീതു എന്നെ കാണാൻ വന്നിരുന്നു. കൂടെ അവരുടെ ഭർത്താവുമുണ്ടായിരുന്നു. ഹരികുമാറിന്റെ ശമ്പളം വാങ്ങാൻ വന്നിരുന്നത് അമ്മയും സഹോദരിയുമായിരുന്നു’- ദേവീദാസൻ വ്യക്തമാക്കി.അതേസമയം, ഹരികുമാർ കുട്ടിയെ കൊലപ്പെടുത്താനുണ്ടായ വ്യക്തമായ കാരണം ഇതുവരെ പൊലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. താനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. എന്നാൽ എന്തിനാണ് കൊലപാതകം നടത്തിയത് എന്നതിന് കൃത്യമായ ഉത്തരം നൽകാൻ ഹരികുമാർ തയ്യാറായിട്ടില്ല. ഇയാൾക്ക് മാനസികാസ്ഥ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ വൈകിട്ട് പ്രതിയുമായി കൃത്യം നടന്ന വീട്ടിലെത്തി പൊലീസ് തെളിവെടുപ്പ് നടത്തി. രാത്രിയോടെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത് നെയ്യാറ്റിൻകര ജയിലിലേക്ക് മാറ്റി. വീണ്ടും ചോദ്യം ചെയ്യാൻ ബാലരാമപുരം പൊലീസ് ഇന്ന് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും