
കൊല്ലത്ത് നടക്കുന്ന സിപിഐ (എം) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സി ഐ ടി യു ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന തൊഴിലാളി സംഗമങ്ങൾ നാളെ തുടങ്ങും. ജില്ലയിലെ 18 ഏരിയകളിലും ആയിരക്കണക്കിന് തൊഴിലാളികൾ സംഗമങ്ങളിൽ പങ്കെടുക്കുമെന്ന് സിഐടിയു ജില്ലാ പ്രസിഡൻ്റ് ബി. തുളസീധരക്കുറുപ്പും സെക്രട്ടറി എസ്. ജയമോഹനും അറിയിച്ചു.
“ജോലിയും കൂലിയും സംരക്ഷിക്കാൻ നമുക്കൊത്തു ചേരാം ; പോരാടാം” എന്ന മുദ്രാവാക്യമുയർത്തി കൊണ്ടാണ് സിഐടിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ തൊഴിലാളി സംഗമങ്ങൾ സംഘടിപ്പിക്കുന്നത്. ഇതോടൊപ്പം 68 ഗ്രാമപഞ്ചായത്തുകളിലും 4 നഗരസഭകളിലും കൊല്ലം കോർപറേഷനിലും ഇതേ മുദ്രാവാക്യമുയർത്തി സംഗമങ്ങൾ നടക്കും. ഏരിയ തലത്തിൽ ആയിരം തൊഴിലാളികളും തദ്ദേശസ്ഥാപന തലത്തിൽ 500 തൊഴിലാളികളും പങ്കെടുക്കും.
സംഗമങ്ങളുടെ ഉദ്ഘാടനം നാളെ വൈകിട്ട് 3 ന് പുനലൂരിൽ എൽഡിഎഫ് കൺവീനറും സി ഐ ടി യു സംസ്ഥാന പ്രസിഡൻ്റുമായ ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5 ന് കടയ്ക്കലിലെ സംഗമവും മുൻ തൊഴിൽ മന്ത്രി കൂടിയായ ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സി ഐ ടി യു സംസ്ഥാന സെക്രട്ടറി എളമരം കരീം, ദേശീയ വൈസ് പ്രസിഡന്റ് ജെ.മേഴ്സിക്കുട്ടിയമ്മ, സംസ്ഥാന നേതാക്കളായ അഡ്വ. സുനിൽകുമാർ, ബി.ബി.ഹർഷകുമാർ, സി എസ് സുജാത, പി.സജി, ഹരിലാൽ, നെടുവത്തൂർ സുന്ദരേശൻ എന്നിവർ സംഗമങ്ങൾക്ക് നേതൃത്വം നൽകും.