മമ്മൂട്ടിയോടും മോഹന്‍ലാലിനോടും ഒരുപോലെ ചോദിക്കാനുള്ള കാര്യം തുറന്നു പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍.തന്റെ പുതിയ ചിത്രമായ ‘ഹേയ് സിനാമിക’യുടെ പ്രമോഷന്റെ ഭാഗമായി ഇന്ത്യാ ഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
മമ്മൂട്ടിയോട് ചോദിക്കാനുള്ള ചോദ്യം എങ്ങനെയാണ് പുതുമ നിലനിര്‍ത്തുന്നത് എന്നാണെങ്കിൽ കഴിവിന് പിന്നിലെ രഹസ്യത്തെക്കുറിച്ചാണ് മോഹന്‍ലാലിനോട് ചോദിക്കാനുള്ളതെന്നാണ് ദുൽഖർ പറഞ്ഞത്.

‘സിനിമയിലെത്തിയിട്ട് അമ്പത് വര്‍ഷമായി, എങ്ങനെയാണ് ഇങ്ങനെ പുതുമ നിലനിര്‍ത്തുന്നത്. ഇപ്പോഴും അദ്ദേഹം പുതിയ കഥാപാത്രങ്ങള്‍ ചെയ്യുന്നു, ലുക്ക് മാറ്റുന്നു. ഇതൊക്കെ എങ്ങനെ സാധിക്കുന്നുവെന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂ’. മമ്മൂട്ടിയെക്കുറിച്ച് ദുല്‍ഖര്‍ പറഞ്ഞു.

അനായാസമായി റോളുകള്‍ കൈകാര്യം ചെയ്യാനുള്ള കഴിവിന് പിന്നിലെ രഹസ്യമെന്താണെന്നാണ് മോഹന്‍ലാലിനോടുള്ള ദുല്‍ഖറിന്റെ ചോദ്യം. ശ്വാസമെടുക്കുന്ന ലാഘവത്തോടെയാണ് മോഹന്‍ലാല്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്നും ആ കഴിവ് അദ്ദേഹത്തിന് മാത്രം ഉള്ളതാണെന്നും ദുല്‍ഖര്‍ വ്യക്തമാക്കുന്നു.

അതേസമയം, കോളിവുഡിലെ പ്രശസ്ത കൊറിയോഗ്രാഫര്‍ ബ്രിന്ദ ഗോപാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ദുല്‍ഖറിന്റെ പുതിയ ചിത്രം ‘ഹേയ് സിനാമിക’ മാര്‍ച്ച് മൂന്നിന് തിയേറ്ററുകളില്‍ എത്തും. മമ്മൂട്ടിയുടെ ‘ഭീഷ്മപര്‍വ്വ’ത്തിന്റെയും റിലീസ് അന്ന് തന്നെയാണ്. തമിഴ്, മലയാളം, കന്നഡ, തെലുങ്ക് എന്നീ ഭാഷകളില്‍ ഹേയ് സിനാമിക റലീസ് ചെയ്യും. കാജല്‍ അഗര്‍വാളും അദിതി റാവുവുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *