തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് വേണ്ടി കളത്തിലിറങ്ങുമെന്ന റിപ്പോർട്ടുകൾ തള്ളി നടി പാർവതി തിരുവോത്ത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ നീക്കമെന്ന മാതൃഭൂമി വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് പാർവതി പറഞ്ഞു. പാര്‍വതി വരുമോ? എന്ന തലക്കെട്ടില്‍ ഫെബ്രുവരി 11ന് പുറത്തിറങ്ങിയ മാതൃഭൂമി ദിനപത്രത്തിലായിരുന്നു സിപിഎമ്മിനകത്ത് പാര്‍വതി തിരുവോത്തിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം നടക്കുന്നുവെന്ന വാര്‍ത്ത വന്നത്.
തെറ്റിദ്ധരിപ്പിക്കുന്ന, അടിസ്ഥാനമില്ലാത്ത വാര്‍ത്ത നല്‍കിയ മാതൃഭൂമിയെ ഓര്‍ത്ത് ലജ്ജ തോന്നുന്നുവെന്നായിരുന്നു വാര്‍ത്ത പങ്കുവെച്ച് പാര്‍വതി ട്വിറ്ററില്‍ കുറിച്ചത്. ഇങ്ങനെ ഒരു കാര്യം താന്‍ പറഞ്ഞിട്ടില്ലെന്നും, ഒരു പാര്‍ട്ടിയും തന്നെ സമീപിച്ചിട്ടില്ലെന്നും പാര്‍വതി കുറിച്ചു. വാര്‍ത്ത തിരുത്തണമെന്ന് പാര്‍വതി ട്വീറ്റിലൂടെയും ആവശ്യപ്പെട്ടു.

മുഖംനോക്കാതെ നിലപാട് വ്യക്തമാക്കുന്ന പാര്‍വതിയെ മത്സരിപ്പിച്ചാല്‍ യുവതലമുറയുടെ വലിയ പിന്തുണ കിട്ടുമെന്നാണ് വിലയിരുത്തലെന്നും, ഡല്‍ഹിയില്‍ കര്‍ഷകസമരത്തെക്കുറിച്ച് ഈയിടെ പാര്‍വതി നടത്തിയ പ്രതികരണം സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതെല്ലാം പാര്‍വതിയെ കളത്തിലിറക്കാനുള്ള ശ്രമത്തിന് കരുത്തുപകരുന്നുണ്ടെന്നും മാതൃഭൂമി നല്‍കിയ വാര്‍ത്തയില്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *