ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട് നിർണായകമായ ഉത്തരവുമായി കേരള ഹൈക്കോടതി. സ്വന്തം ശരീരം എങ്ങനെ ഉപയോഗിക്കണം എന്നതിൽ സ്ത്രീയുടെ തീരുമാനമാണ് അന്തിമമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ഗർഭഛിദ്രത്തിന് സ്ത്രീകൾക്ക് കൂടുതൽ അവകാശം നൽകുന്ന സുപ്രധാന ഉത്തരവിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.വിവാഹ മോചനത്തിനുള്ള നടപടി തുടങ്ങിയാൽ ഇരുപത് ആഴ്‌ച മുതൽ ഇരുപത്തിനാല് ആഴ്‌ച വരെ പ്രായമുള്ള ഗർഭം അവസാനിപ്പിക്കാൻ ഭാര്യക്ക് അവകാശമുണ്ടെന്നാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. സ്ത്രീകളുടെ അവകാശങ്ങൾ സംബന്ധിച്ച് ദേശീയ പ്രാധാന്യത്തോടെയുള്ള നിരീക്ഷണമാണ് കേരള ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.തന്‍റെ ശരീരം തനിക്ക് സ്വന്തമാണെന്ന ഐക്യരാഷ്ട്രസഭ പോപ്പുലേഷൻ ഫണ്ടിന്‍റെ വാചകം ഉദ്ധരിച്ചുകൊണ്ടാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സ്ത്രീകളുടെ അവകാശ സംരക്ഷണം സംബന്ധിച്ചുള്ള സുപ്രധാന നിരീക്ഷണം നടത്തിയത്. ലിംഗസമത്വത്തിന്‍റെയും മൗലികാവകാശത്തിന്‍റെയും ഭാഗമാണിതെന്നും കോടതി വ്യക്തമാക്കി.അമ്മയ്‌ക്കോ, ഗർഭസ്ഥ ശിശുവിനോ ഉള്ള ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ, അമ്മയുടെ മാനസിക പ്രശ്‌നങ്ങൾ തുടങ്ങിയ സാഹചര്യങ്ങളിലാണ് സാധാരണ വിവാഹിതയായ സ്ത്രീയ്ക്ക് ഇരുപത് ആഴ്‌ചയിലേറെയോ, ഇരുപത്തിനാല് ആഴ്‌ചയിൽ താഴെയോ പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ കോടതി അനുമതി നൽകാറുള്ളത്. എന്നാല്‍ വിവാഹ മോചനത്തിന് നടപടി ആരംഭിച്ചാലും ഇരുപതിലേറെ ആയോ ഇരുപത്തിനാല് ആഴ്‌ച വരെയോ പ്രായമുള്ള ഗർഭം അവസാനിപ്പിക്കാനുള്ള അവകാശം ഭാര്യക്കുണ്ടെന്നാണ് കേരള ഹൈക്കോടതിയുടെ ഉത്തരവ്.സ്ത്രീയുടെ ശാരീരികവും മാനസികവുമായ എല്ലാ അവകാശങ്ങളും അവർക്ക് മാത്രം സ്വന്തമാണ്. ലിംഗ സമത്വത്തിന്‍റെയും, ഭരണഘടന നൽകുന്ന മൗലികാവകാശത്തിന്‍റെയും ഭാഗമാണിത്. തന്‍റെ ശരീരത്തിന്മേൽ സ്ത്രീയ്ക്കാണ് തീരുമാനമെടുക്കാൻ അധികാരമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. ഗർഭഛിദ്രത്തിന് അനുമതി തേടി 23 വയസുകാരി സമർപ്പിച്ച ഹർജി അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ.ചില സ്ത്രീകളില്‍ ഗർഭഛിദ്രം നടത്തിയില്ലെങ്കിൽ ഗുരുതര ശാരീരിക, മാനസിക ബുദ്ധിമുട്ടുകൾ പിന്നീട് ഉണ്ടാകുമെന്ന മെഡിക്കൽ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. അതേസമയം വിവാഹ മോചന നടപടികൾക്കിടെ ഗർഭഛിദ്രം നടത്താൻ അനുവാദം നൽകുകയും, സ്വന്തം ശരീരം സംബന്ധിച്ചുള്ള അവകാശങ്ങളിൽ സ്ത്രീയ്ക്ക് പ്രാധാന്യം നൽകുകയും ചെയ്യുന്ന കേരള ഹൈക്കോടതിയുടെ വിധി ദേശീയ തലത്തിൽ തന്നെ വലിയ ചർച്ചകൾക്ക് വഴിയൊരുക്കും.

Leave a Reply

Your email address will not be published. Required fields are marked *