
രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ രണ്ടാം ഇന്നിങ്‌സില്‍ വിദര്‍ഭയുടെ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി കേരളം. പാര്‍ഥ് രേഖാഡെ (1), ധ്രുവ് ഷോറെ (5) എന്നിവരാണ് പുറത്തായത്.ഇന്നിങ്‌സിന്റെ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ പാര്‍ഥ് രേഖാഡെയുടെ കുറ്റി തെറിപ്പിച്ച് ജലജ് സക്‌സേനയാണ് കേരളത്തിന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ മൂന്നാം ഓവറില്‍ ഷോറെയെ നിധീഷ്, അസ്ഹറുദ്ദീന്റെ കൈകളിലെത്തിച്ചു. നിലവില്‍ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 14 റണ്‍സെന്ന നിലയിലാണ് വിദര്‍ഭ. ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ ഡാനിഷ് മാലേവറും കരുണ്‍ നായരുമാണ് ക്രീസില്‍.
നേരത്തേ വിദര്‍ഭയോട് ഒന്നാം ഇന്നിങ്‌സില്‍ കേരളം 37 റണ്‍സിന്റെ ലീഡ് വഴങ്ങിയിരുന്നു. വിദര്‍ഭയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 379 റണ്‍സ് പിന്തുടര്‍ന്ന കേരളം 342-ന് പുറത്തായി. മൂന്നിന് 131 എന്ന നിലയില്‍ മൂന്നാംദിനം ബാറ്റിങ് ആരംഭിച്ച കേരളത്തിന് 235 റണ്‍സ് കൂട്ടിച്ചേര്‍ക്കാനേ ആയുള്ളൂ.