നോം പെന്‍ : കംബോഡിയന്‍ സര്‍ക്കാറും മക്കയിലെ മുസ്ലിം വേള്‍ഡ് ലീഗും ( റാബിത്ത ) സംയുക്തമായി സംഘടിപ്പിച്ച ഇസ്ലാം – ബുദ്ധ മത സൗഹാര്‍ദ്ദ സമ്മേളനം അവസാനിച്ചു. വിവിധ രാഷ്ട്രങ്ങളില്‍ നിന്നായി ഇരുന്നൂറിലധികം പണ്ഡിതന്മാരും സാംസ്‌കാരിക നേതാക്കളും പങ്കെടുത്തു. കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ മാനെറ്റ് ഉച്ച കോടി ഉദ്ഘാടനം ചെയ്തു.
മുസ്ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍ ഡോ മുഹമ്മദ് അബ്ദുല്‍ കരീം അല്‍ ഈസ്സയുടെ മുഖ്യ പ്രഭാഷണം അസിസ്റ്റന്റ് ജനറല്‍ സെക്രെട്ടരി ഡോ. മുഹമ്മദ് മൂസാ ഈ ദ് അല്‍ മജ്ദൂഈ വായിച്ചു. മതവും മനുഷ്യ സൗഹാര്‍ദ്ദവും, ഇസ്ലാം ബുദ്ധ മതങ്ങളിലെ മാനവിക സന്ദേശങ്ങള്‍, തീവ്രവാദത്തിന്നെതിരിലുള്ള മത കൂട്ടായ്മകളുടെ അനിവാര്യത, മതങ്ങളുടെ സാംസ്‌കാരിക സവിശേഷതകള്‍ തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ചചെയ്തത്. കാബോഡിയന്‍ മന്ത്രി ഡോ. ഒദ്മാന്‍ ഹസ്സന്‍, ശൈഖ് അബ്ദുല്ലാ ബിന്‍ മഹ്ഫൂദ് ബയ്യാഹ് , (അബൂദാബി), സംദേശ് പ്രേ ഓഡോം ചറിയ (കംബോഡിയ ), ശൈഖ് യഹ്യാ ചോലില്‍ സ്താഖുഫ് (ഇന്തോനേഷ്യ), ഡോ. ഛായ് ബൊറിന്‍ (കംബോഡിയന്‍ മതകാര്യമന്ത്രി), മസഗോസ് ദുല്‍കിഫ്‌ലി (സിംഗപൂര്‍ മന്ത്രി ) , ബനാഗളാ ഉപത്തിശ്ശ തെരൊ (ശ്രീലങ്ക), പ്രൊഫ മുസ്തഫ സെറിക് (ബോസ്‌നിയ ) , കിരിന്‍ഡെ ധര്‍മ്മരത്ന (മലേഷ്യ), ശൈഖ് മുഹമ്മദ് അര്‍ഷദ് (ഹോങ് കോങ് ), ഡോ. അബ്ദുല്‍ ഹന്നാന്‍ മുഗാംഗ് ടാഗോ (ഫിലിപ്പൈന്‍സ്), ദിനേശ് ധര്‍മ്മമൂര്‍ത്തി (നേപ്പാള്‍ ) , രജിന്യകാവി പിയന്‍ജി (തായ്‌ലന്റ്) ഡോ.ടിന്‍ ഔംഗ് മിന്റ് അസദ് (മ്യാന്‍മാര്‍) എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിച്ച് സംസാരിച്ചു. ബുദ്ധ ഇസ്ലാം മതങ്ങള്‍ ശാന്തിയുടെ സന്ദേശങ്ങളാണെന്നും ഈ രണ്ട് ദര്‍ശനങ്ങളില്‍ നിരവധി സമാനതകളുള്ള കാര്യവും അവര്‍ എടുത്ത് പറഞ്ഞു.

ഇന്ത്യയില്‍ നിന്ന് ഡോ.ഹുസൈന്‍ മടവൂര്‍ , അസ്ഗര്‍ അലി ഇമാം മഹ്ദി ഡല്‍ഹി എന്നിവര്‍ പങ്കെടുത്തു. ബഹുസ്വരരാഷ്ട്രമായ ഇന്ത്യയില്‍ ഇത്തരം സൗഹാര്‍ദ്ദ സംഗമങ്ങള്‍ ധാരാളമായി നടക്കുന്നുണ്ടെന്നും അതിന്ന് വലിയ ഫമുണ്ടെന്നും ഹുസൈന്‍ മടവൂര്‍ പറഞ്ഞു.

എല്ലാവര്‍ക്കും സമാധാന ജീവിതം ഉറപ്പ് വരുത്താന്‍ എല്ലാ മതവിശ്വാസികളും പരസ്പര സ്‌നേഹത്തോടെയും ബഹുമാനത്തോടെയും ജീവിക്കണമെന്നും മതത്തിന്റെ പേരില്‍ സമുദായങ്ങള്‍ തമ്മില്‍ കലഹിക്കരുതെന്നും ഉച്ചകോടി ആഹ്വാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *