കോഴിക്കോട്: താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഗുരുതരമായി പരുക്കേറ്റ് മരിച്ച മുഹമ്മദ് ഷഹബാസിന്റെ തലയോട്ടി തകര്‍ന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. വലതു ചെവിയുടെ മുകളിലായി തലയോട്ടി തകര്‍ന്നു.നഞ്ചക് കൊണ്ടുള്ള അടിയില്‍ പരുക്കേറ്റതാവാമെന്നാണ് നിഗമനം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
അഞ്ച് വിദ്യാര്‍ത്ഥികളാണ് ഷഹബാസിന്റെ മരണത്തില്‍ കസ്റ്റഡിയിലായിരിക്കുന്നത്. ട്യൂഷന്‍ സെന്ററില്‍ പത്താം ക്ലാസുകാരുടെ ഫെയര്‍വെല്‍ പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. തര്‍ക്കത്തിന്റെ തുടര്‍ച്ചയായിട്ടാണ് വ്യാഴാഴ്ച വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടിയത്.
മൂന്ന് തവണയാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. ഇതില്‍ ആദ്യത്തെ സ്ഥലത്ത് വെച്ച് നടന്ന സംഘര്‍ഷത്തിലാണ് മുഹമ്മദ് ഷഹബാസിന് ക്രൂരമായി മര്‍ദ്ദനമേറ്റത്. വട്ടം ചേര്‍ന്നായിരുന്നു ഷഹബാസിനെ അവര്‍ കൈവശമുണ്ടായിരുന്ന നഞ്ചക്ക്, ഇടിവള പോലുള്ള ആയുധങ്ങളുപയോഗിച്ച് മര്‍ദ്ദിച്ചത്. എളേറ്റില്‍ വട്ടോളി എം ജെ ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികളുമാണ് താമരശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്.