ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പഹാര്‍ഗഞ്ചില്‍ ഈദ് ആഘോഷത്തിനിടയില്‍ 15കാരന്‍ ഓടിച്ച കാര്‍ കയറിയിറങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. വീടിനു പുറത്ത് നിന്ന് കളിക്കുകയായിരുന്നു അനാബിയെന്ന രണ്ട് വയസുകാരിയാണ് 15കാരന്‍ ഹൂണ്ടായ് വെന്യു കാര്‍ ഇടിച്ച് മരിച്ചത്.
ഞായറാഴ്ചയാണ് അപകടം നടന്നത്. പഹാര്‍ഗഞ്ചിലെ തന്റെ വീടിന് പുറത്തുള്ള ഇടവഴിയില്‍ കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ മേല്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ഓടിച്ച ഹ്യൂണ്ടായ് കാര്‍ കയറി ഇറങ്ങുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അനാബിയ മറ്റ് കുട്ടികള്‍ക്കൊപ്പം കാര്‍ വരുന്നതും തൊട്ടപ്പുറത്ത് നിര്‍ത്തുന്നതായും വീഡിയോയില്‍ കാണാം. പെട്ടന്ന് കാര്‍ മുന്നോട്ട് വന്ന് കുട്ടിയുടെ ശരീരത്തില്‍ കയറി ഇറങ്ങുകയായിരുന്നു.
സംഭവം കണ്ടു നിന്നവര്‍ ഓടിയെത്തി കാര്‍ തള്ളിമാറ്റി കുട്ടിയെ പുറത്തെടുത്ത ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.