ലോകമെമ്പാടുമുള്ള തൊഴിലാളികൾക്ക് മെയ് ദിനാശംസകൾ നേർന്ന മുഖ്യമന്ത്രി പിണറായി വിജയൻ, തൊഴിലാളി വർഗം പൊരുതി നേടിയ അവകാശങ്ങൾ സംരക്ഷിക്കാൻ കൂടുതൽ ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് ആഹ്വാനം ചെയ്തു. എട്ട് മണിക്കൂർ പ്രവൃത്തി സമയത്തിനായി ചിക്കാഗോയിലെ തൊഴിലാളികൾ നടത്തിയ ഐതിഹാസിക പോരാട്ടത്തെ അദ്ദേഹം അനുസ്മരിച്ചു. മുതലാളിത്ത ചൂഷണത്തിനെതിരെയും അടിച്ചമർത്തലുകൾക്കെതിരെയും സംഘടിച്ച തൊഴിലാളി വർഗത്തിന്റെ വിപ്ലവവീര്യം ചരിത്രത്തിലെ മഹത്തായ അധ്യായമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
രാജ്യത്തെ നിലവിലെ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച മുഖ്യമന്ത്രി, തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന നവലിബറൽ നയങ്ങൾ ഇന്ത്യയെ ഗ്രസിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി. പൊരുതി നേടിയ തൊഴിൽ നിയമങ്ങളെ ഇല്ലാതാക്കി നാല് ലേബർ കോഡുകളാക്കി ചുരുക്കുന്ന നടപടി ഇതിന്റെ ഭാഗമാണ്. സ്ഥിരം തൊഴിലിന് പകരം കരാർവൽക്കരണവും ജോലി സുരക്ഷയില്ലാത്ത നിയമനങ്ങളും അടിച്ചേൽപ്പിക്കപ്പെടുകയാണ്. കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്കായി തൊഴിൽ സമയം വർദ്ധിപ്പിക്കാനും സംഘടിക്കാനുള്ള അവകാശങ്ങളെ പരിമിതപ്പെടുത്താനും ഗൂഢനീക്കങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം വെല്ലുവിളികൾക്കിടയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്ന തൊഴിലാളി സമരങ്ങൾ പ്രതീക്ഷ നൽകുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിസന്ധികളെ അതിജീവിക്കാൻ വിഭാഗീയ ചിന്തകൾക്കതീതമായ തൊഴിലാളി വർഗബോധം ഉയർത്തിപ്പിടിക്കണം. കൂടുതൽ സംഘടിതരാകാനും കരുത്തോടെ മുന്നേറാനും മെയ് ദിന സ്മരണകൾ നമുക്ക് കരുത്താകുമെന്നും അദ്ദേഹം തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
“ഇന്ന് മെയ് ദിനമാണ്. മുതലാളിത്തത്തിന്റെ അന്ധമായ ലാഭക്കൊതിക്കും ചൂഷണമനോഭാവത്തിനുമെതിരെ പ്രതികരിച്ചുകൊണ്ടാണ് ചിക്കാഗോയിലെ തൊഴിലാളികൾ തൊഴിലവകാശങ്ങൾക്കുവേണ്ടി സംഘടിച്ചത്. എട്ടുമണിക്കൂർ പ്രവൃത്തി സമയത്തിനുവേണ്ടി ചിക്കാഗോയിൽ നടന്ന ഐതിഹാസിക പണിമുടക്കിൽ എട്ടുലക്ഷം പേരായിരുന്നു പങ്കെടുത്തത്. പ്രക്ഷോഭത്തെ ചോരയിൽ മുക്കാനും തൊഴിലാളി നേതാക്കളെ കുറ്റ വിചാരണ ചെയ്തുകൊണ്ട് കൊലപ്പെടുത്താനുമാണ് മുതലാളിത്ത ഭരണകൂടം ശ്രമിച്ചത്. എന്നാൽ, സംഘടിത തൊഴിലാളി വർഗ്ഗത്തിന്റെ വിപ്ലവവീര്യം ചോർന്നുപോകാൻ ഈ അടിച്ചമർത്തലുകൊണ്ടൊന്നും കഴിഞ്ഞില്ല. തൊഴിലാളി വർഗ്ഗ മുന്നേറ്റങ്ങളുടെ ചരിത്രത്തിലെ മഹത്തായ ഒരേടായി മാറുകയായിരുന്നു ചിക്കാഗോ സംഭവം.
തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന നവലിബറൽ നയങ്ങൾ ഇന്ത്യയെ ഗ്രസിക്കുന്ന ഒരു കാലത്താണ് നാമുള്ളത്. രാജ്യത്തെ തൊഴിലാളിവർഗ്ഗം പൊരുതി നേടിയ തൊഴിൽ നിയമങ്ങളെ ഇല്ലാതാക്കി, അവയെ നാല് ലേബർ കോഡുകളായി ചുരുക്കുന്നത് ഇതിന്റെ ഭാഗമാണ്. സ്ഥിരം തൊഴിൽ എന്ന സങ്കല്പത്തിന് പകരം കരാർവൽക്കരണവും ജോലി സുരക്ഷയില്ലാത്ത ഫിക്സഡ് ടേം എംപ്ലോയ്മെന്റും അടിച്ചേൽപ്പിക്കപ്പെടുകയാണ്. കോർപ്പറേറ്റ് താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തൊഴിൽ സമയം വർദ്ധിപ്പിക്കാനും സംഘടിക്കാനുള്ള അവകാശങ്ങളെ പരിമിതപ്പെടുത്താനും ഗൂഢമായ നീക്കങ്ങൾ നടക്കുന്നു.
എന്നാൽ, ഇത്തരം പ്രതിസന്ധികൾക്കിടയിലും ഇന്ത്യയിലെ തൊഴിൽ മേഖലകളിൽ നിന്നുമുയരുന്ന പ്രതിഷേധത്തിന്റെ ശബ്ദങ്ങൾ ഏറെ പ്രതീക്ഷാനിർഭരമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തൊഴിലാളി സമരങ്ങൾ ശക്തിപ്പെടുകയാണ്. കൂടുതൽ സംഘടിതരാവാനാണ് ഈ തൊഴിലാളി ദിനവും നമ്മെ ഓർമ്മിപ്പിക്കുന്നത്. വിഭാഗീയ ചിന്തകൾക്കതീതമായ തൊഴിലാളി വർഗബോധം ഉയർത്തിപ്പിടിച്ച് കൂടുതൽ കരുത്തോടെയും ഐക്യത്തോടെയും മുന്നോട്ടു പോകാൻ മെയ്ദിന സ്മരണ നമുക്കു കരുത്താകും.
ഏവർക്കും സാർവ്വദേശീയ തൊഴിലാളിദിനാശംസകൾ.“
