ഹരിയാനയിലെ ബല്ലഭ്ഗറിൽ പന്ത്രണ്ട് വയസുകാരനായ അനുജനെ കൊന്ന് പതിനഞ്ച്‌ വയസുകാരി. മാതാപിതാക്കൾ അനുജനെ കൂടുതൽ സ്നേഹിക്കുന്നു എന്ന തോന്നലിലാണ് പെൺകുട്ടി സഹോദരനെ കൊലപ്പെടുത്തിയത്.

ചൊവാഴ്ച രാത്രി പുറത്ത് പോയി മടങ്ങിയെത്തിയ മാതാപിതാക്കൾ ഒരു വിരിപ്പിനടിയിൽ ചലനമില്ലാതെ കിടക്കുന്ന മകനെയാണ് കണ്ടത്. ആദ്യം കുട്ടിയെ ഉണർത്താൻ ഇവർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് വിരിപ്പ് മാറ്റിയപ്പോൾ അവർ മകൻ്റെ കഴുത്തുഞെരിച്ചതായി കണ്ടെത്തി. ഈ സമയത്ത് പെൺകുട്ടി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.

വിവരമറിഞ്ഞ് പോലീസെത്തിയതോടെയാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തറിഞ്ഞത്. ഉത്തർ പ്രദേശിലുള്ള മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം താമസിക്കുന്ന കുട്ടികൾ വേനലവധിക്കാലം മാതാപിതാക്കൾക്കൊപ്പം ചെലവഴിക്കാൻ ഈയിടെയാണ് ബല്ലഭ്ഗറിലെത്തിയത്.തന്നെക്കാൾ മാതാപിതാക്കൾ സഹോദരനെ സ്നേഹിക്കുന്നു എന്ന് പെൺകുട്ടി വിശ്വസിച്ചിരുന്നതായി പോലീസ് പറയുന്നു. മകന് മാതാപിതാക്കൾ ഒരു മൊബൈൽ ഫോൺ നൽകിയിരുന്നു. ചൊവ്വാഴ്ച, കുട്ടി മൊബൈലിൽ ഗെയിം കളിച്ചുകൊണ്ടിരിക്കെ പെൺകുട്ടി മൊബൈൽ ആവശ്യപ്പെട്ടു. എന്നാൽ, ഫോൺ നൽകാൻ ആൺകുട്ടി വിസമ്മതിച്ചു. ഇതിൽ ദേഷ്യം പിടിച്ച പെൺകുട്ടി സഹോദരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *