തിരുവനന്തപുരം: വയനാട്ടിലെ ദുരന്തബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2,20,000 രൂപ സംഭാവന ചെയ്ത് പ്രശസ്ത സംവിധായകന്‍ ആനന്ദ് പട്‌വര്‍ധന്‍. പതിനാറാമത് രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്ര മേളയിലെ(IDSFFK) മികച്ച ഡോക്യുമെന്ററിയായി ആനന്ദിന്റെ ‘വസുധൈവ കുടുംബകം’ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പുരസ്‌കാര തുകയാണ് അദ്ദേഹം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. രാജ്യത്തെ ജാതിവ്യവസ്ഥയ്‌ക്കെതിരായ കാഴ്ചപ്പാട് പങ്കുവയ്ക്കുന്ന വസുധൈവ കുടുംബകം മികച്ച ചിത്രസംയോജനത്തിനുള്ള കുമാര്‍ ടാക്കീസ് പുരസ്‌കാരവും നേടിയിരുന്നു.

കഴിഞ്ഞ ദിവസം നടന്‍ വിക്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ നല്‍കിയിരുന്നു. മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തിനിടെ അറിയിച്ചത്. 2018ലെ പ്രളയകാലത്തും വിക്രം കേരളത്തിനു കൈത്താങ്ങായിരുന്നു.

അതേസമയം വയനാട്ടിലെ ദുരിതബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംഭാവനകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി, വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്‌സ് ഉടമ കല്യാണ രാമന്‍ എന്നിവര്‍ അഞ്ച് കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. വിഴിഞ്ഞം പോര്‍ട്ട് അദാനി ഗ്രൂപ്പ്, കെഎസ്എഫ്ഇ എന്നിവരും അഞ്ച് കോടി രൂപ വീതം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ദുരിതാശ്വാസ നിധിയിലേക്ക് കേരളാ ബാങ്ക് 50 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. സിയാല്‍ രണ്ട് കോടി രൂപ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ അഞ്ച് കോടി രൂപ സഹായമായി നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു.

ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ അകപ്പെട്ടവരെ സഹായിക്കുന്നതിനായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *