പശ്ചിമ ബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്. വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടതിന് ശേഷം സുരക്ഷ ഉറപ്പാക്കുന്നതില്‍ മമതാ സര്‍ക്കാര്‍ മുന്നോട്ടുവച്ച വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ലെന്നാരോപിച്ചാണ് പ്രതിഷേധം. നാളെ ബംഗാളിലെ ധര്‍മ്മതലയില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ മഹാറാലി സംഘടിപ്പിക്കും.

കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടര്‍ ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് ശേഷം 42 ദിവസം നീണ്ട സമരം മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ഭാഗികമായി പിന്‍വലിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ വീണ്ടും പ്രതിഷേധത്തിനിറങ്ങുന്നത്.

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. സാഗര്‍ ദത്ത മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചതിനെ തുടര്‍ന്ന് വനിതാ ജൂനിയര്‍ ഡോക്ടര്‍ക്കും നഴ്സിനും കഴിഞ്ഞ ദിവസം ബന്ധുക്കളുടെ മര്‍ദ്ദനമേറ്റിരുന്നു. ഇപ്പോഴും ആശുപത്രികളില്‍ സുരക്ഷ ഉറപ്പാക്കിയിട്ടില്ലെന്നും, അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ജൂനിയര്‍ ഡോക്ടര്‍മാരുടെ സംഘടന ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *