ആലപ്പുഴ: കായംകുളത്ത് വാഹനാപകടത്തിൽ പരിക്കേറ്റ യുവതിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ പ്രതിയായ സിനിൽ സബാദിനായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. അപകടത്തിൽപ്പെട്ട യുവതിയെ രക്ഷിക്കാനെന്ന വ്യാജേനയെത്തിയ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവായ സിനിൽ സബാദ് അതിക്രമം നടത്തുകയായിരുന്നു എന്നാണ് പരാതി.

യുവതിയുടെ വൈദ്യപരിശോധന ഇന്ന് വീണ്ടും നടത്താൻ പൊലീസ് തീരുമാനിച്ചു. പരാതി നൽകിയ ആദ്യ ഘട്ടത്തിൽ കൃത്യമായ പരിശോധനകൾ നടന്നില്ലെന്ന അതിജീവിതയുടെ ആരോപണത്തെ തുടർന്നാണ് നടപടി. അതേസമയം, സംഭവം നടന്ന് പതിനൊന്ന് ദിവസം പിന്നിട്ട ശേഷം പരിശോധന നടത്തുന്നതിലെ പ്രായോഗികതയെക്കുറിച്ച് ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഐടി ജീവനക്കാരിയായ യുവതിയുടെ മൊഴി കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തെത്തി രേഖപ്പെടുത്തി. പ്രതിയായ സിനിൽ സബാദ് തന്നെ ഭീഷണിപ്പെടുത്തിയെന്നും കേസിൽ നിന്ന് പിന്മാറാൻ കൂടെയുള്ളവർക്ക് പണം വാഗ്ദാനം ചെയ്തെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താനാണ് പൊലീസിന്റെ നീക്കം.

നിലവിൽ കായംകുളം എസ്എച്ച്ഒയ്ക്കെതിരെ പരാതിക്കാരി ആക്ഷേപം ഉന്നയിച്ചതിനാൽ അന്വേഷണ ചുമതല ഡിവൈഎസ്പിക്ക് കൈമാറി. പ്രതി സിനിൽ സബാദിനെ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *