കുന്ദമംഗലം:ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സ്മരണികാ നാണയങ്ങളുടെ അപൂർവ ശേഖരത്തിന് ഉടമയായി കുന്ദമംഗലം എളമ്പിലാശ്ശേരി സ്വദേശി റിയാസ് റഹ്മാൻ . 20 വർഷത്തിനിടെ റിയാസ് ശേഖരിച്ചത് ഇന്ദിരാഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്ത 40 നാണയങ്ങളാണ്. അഞ്ച് രൂപ, 50 പൈസ നാണയങ്ങളാണ് റിയാസിന്റെ പക്കലുള്ളത്. കുട്ടിക്കാലത്ത് പിതാവിന്റെ സ്റ്റേഷനറി കടയിൽ സഹായിയായി പോകുന്ന കാലത്താണ് റിയാസിന് ന്യൂമിസ്മാറ്റിക്സിൽ കമ്പം കയറുന്നത്. ഒരു പൈസ , 5 പൈസ തുടങ്ങി അക്കാലത്ത് പ്രചാരത്തിൽ ഉണ്ടായിരുന്ന വ്യത്യസ്ത തരം നാണയങ്ങളാണ് അക്കാലത്ത് ശേഖരിച്ച് തുടങ്ങിയത്. പിന്നീട് കടയിൽ വരുന്നവരുടേയും വിദേശത്ത് നിന്ന് നാട്ടിൽ തിരിച്ചെത്തുന്നവരുടേയും സഹായത്തോടെ വിവിധ രാജ്യങ്ങളുടെ നാണയങ്ങളും കറൻസിയും റിയാസ് ശേഖരിച്ച് തുടങ്ങി. ഇന്ന് ശ്രീലങ്ക, ഫിലിപ്പൻസ്, തുർക്കി, ബ്രസീൽ, സ്പെയിൻ മലേശ്യ ബെൽജിയം ഖത്തർ തുടങ്ങി 30ലധികം രാജ്യങ്ങളുടെ നാണയങ്ങളും ബംഗ്ലാദേശ്, ഇന്തോനേഷ്യ, ശ്രീലങ്ക , യമൻ ,നേപ്പാൾ തുടങ്ങി 15ഓളം രാജ്യങ്ങളിലെ കറൻസികളും റിയാസ് റഹ്മാന്റെ പക്കലുണ്ട്. ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്ന ഓട്ട മുക്കാൽ മുതലുള്ള നാണയങ്ങളും തുടക്കം മുതൽ ഉപയോഗിച്ച വന്ന കറൻസികളും ഈ ശേഖരത്തിൽ ഉൾപ്പെടും. ഫൂട്ട് വോളി കേരള താരം കൂടിയായ റിയാസിന് ന്യൂമിസ്മാറ്റിക്സിലുള്ള കമ്പം അദ്ദേഹത്തിന്റെ മകൻ മുഹമ്മദ് ഇസാനും പകർന്നുകിട്ടിയിട്ടുണ്ട്. വിവിധ രാജ്യങ്ങളുടെ നാണയങ്ങളും കറൻസികളും സംഘടിപ്പിച്ച് തന്റെ ശേഖരവും മികച്ചതാക്കിക്കൊണ്ടിരിക്കുകയാണ് നാലാം ക്ലാസ് വിദ്യാർത്ഥിയായ ഇസാൻ. റിയാസിനും മകനും മാത്രമല്ല റിയാസിന്റെ സഹോദരനുമുണ്ട് നാണയക്കമ്പം. അച്ചടയിൽ പിശക് വന്ന് രണ്ട് ഭാഗത്തും ഒരേ പ്രിൻ്റ് വന്ന അപൂർവ്വ നാണയങ്ങൾ ഉൾപ്പടെയുള്ള ശേഖരമുണ്ട് റിയാസ് ബാവയുടെ സഹോദരൻ നാസ‍ർ ബാവയുടെ പക്കൽ. കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള കറൻസികളും നാണയങ്ങളും തങ്ങളുടെ പക്കൽ എത്തിച്ച് ശേഖരം വിപുലമാക്കുകയാണ് ഈ കുടുംബം.

Leave a Reply

Your email address will not be published. Required fields are marked *