റൂർക്കേലയിൽ നടന്ന അഖിലേന്ത്യാ ഇന്റർ എൻഐടി കായിക മേളയിൽ ചരിത്രവിജയം കൊയ്ത് കാലിക്കറ്റ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടിസി). പുരുഷ വോളിബോൾ ടീം തുടർച്ചയായ മൂന്നാം വർഷവും ചാമ്പ്യൻഷിപ്പ് നിലനിർത്തി ഹാട്രിക് നേട്ടം സ്വന്തമാക്കിയപ്പോൾ, നീന്തൽ ടീം 14 മെഡലുകൾ വാരിക്കൂട്ടി ഇരട്ടിമധുരം പകർന്നു. ഒക്ടോബർ 24 മുതൽ 26 വരെ എൻഐടി റൂർക്കേലയിലായിരുന്നു മത്സരങ്ങൾ.
2023 മുതൽ തോൽവിയറിയാതെ കുതിക്കുന്ന കാലിക്കറ്റ് എൻഐടി ടീം, ഫൈനലിൽ എംഎൻഐടി ഭോപ്പാലിനെ നേരിട്ടുള്ള സെറ്റുകൾക്ക് (3–0) തകർത്താണ് കിരീടം നിലനിർത്തിയത്.
ടീമിന്റെ മിന്നും താരമായ സിവിൽ എഞ്ചിനീയറിംഗ് വിഭാഗം എം.ടെക് വിദ്യാർത്ഥി വിനീത് റോഷൻ ടൂർണമെന്റിലെ മികച്ച കളിക്കാരനായി (ബെസ്റ്റ് പ്ലെയർ) തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ രണ്ടാം തവണയാണ് വിനീത് ഈ നേട്ടം കരസ്ഥമാക്കുന്നത്. 2024-ൽ വാറംഗലിൽ നടന്ന മത്സരത്തിലും വിനീതായിരുന്നു മികച്ച താരം.
പരിശീലകരായ ശ്രീ. ദീപേഷ് കെ. കെ., ശ്രീമതി. നിമ്മിരാജ് വി. ജെ. എന്നിവരുടെ ചിട്ടയായ പരിശീലനമാണ് ടീമിന്റെ ഐതിഹാസിക വിജയത്തിന് പിന്നിലെ ശക്തി.
വോളിബോളിന് സമാന്തരമായി നടന്ന അഖിലേന്ത്യാ ഇന്റർ എൻഐടി നീന്തൽ മത്സരത്തിലും എൻഐടിസി താരങ്ങൾ അവിസ്മരണീയ പ്രകടനം കാഴ്ചവച്ചു. 14 അംഗ സംഘം വിവിധ ഇനങ്ങളിലായി 14 മെഡലുകളാണ് സ്വന്തമാക്കിയത്.
മെഡൽ നില:സ്വർണം: 2,വെള്ളി: 3,വെങ്കലം: 9 എസ്എഎസ് ഓഫീസർ ശ്രീ. ധനേഷ് രാംബെത്തിന്റെ നേതൃത്വത്തിൽ, പരിശീലകരായ ശ്രീമതി. രമ്യ, ശ്രീ. അക്ഷയ് എന്നിവരാണ് നീന്തൽ ടീമിനെ മത്സരങ്ങൾക്കായി ഒരുക്കിയത്. അക്കാദമിക് മികവിനൊപ്പം കായികരംഗത്തും വിദ്യാർത്ഥികൾക്ക് മികച്ച പ്രോത്സാഹനം നൽകുന്ന സ്ഥാപനത്തിന്റെ പ്രതിബദ്ധതയാണ് ഈ ഇരട്ട വിജയം അടിവരയിടുന്നതെന്ന് അധികൃതർ അഭിപ്രായപ്പെട്ടു.
