പുതു വർഷത്തിലെ ആദ്യ ജയം തേടി ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങുന്നു. . 2022ലെ ആദ്യ മത്സരത്തിൽ എഫ്സി ഗോവയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഗോവ തിലക് മൈതാനിൽ രാത്രി 7.30നാണ് മത്സരം.

ഉദ്ഘാടന മത്സരത്തിൽ എടികെയോട് പരാജയപ്പെട്ടതിനു ശേഷം തുടർച്ചയായ 7 മത്സരങ്ങളിൽ പരാജയമറിയാതെ തകർപ്പൻ ഫോമിലാണ് ബ്ലാസ്റ്റേഴ്സ്. ഐഎസ്എൽ ചരിത്രത്തിലെ തന്നെ ബ്ലാസ്റ്റേഴ്സിൻ്റെ ഏറ്റവും മികച്ച അൺബീറ്റൺ റൺ ആണിത്.

പോയിൻ്റ് പട്ടികയിൽ അഞ്ചാമതുള്ള ബ്ലാസ്റ്റേഴ്സിന് 8 മത്സരങ്ങളിൽ 3 ജയം സഹിതം 13 പോയിന്റ് ആണുള്ളത്. ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ മുംബൈ സിറ്റിക്കൊപ്പം പോയിൻ്റ് ടേബിളിൽ ഒന്നാമതെത്താൻ ബ്ലാസ്റ്റേഴ്സിനു കഴിയും. ഗോവയാവട്ടെ, സീസണിൽ ആകെ രണ്ട് മത്സരങ്ങൾ മാത്രമേ വിജയിച്ചിട്ടുള്ളൂ.

9ആം സ്ഥാനത്തുള്ള ഗോവയുടെ മോശം ഫോം മുതലെടുത്ത് കളി ജയിക്കുകയാവും ബ്ലാസ്റ്റേഴ്സിൻ്റെ ലക്ഷ്യം. സീസണിൽ ഗോവയുടെ പ്രകടനം അത്ര ആശാവഹമല്ലെങ്കിലും മികച്ച ടീം തന്നെയാണ് അവർക്കുള്ളത്. അതുകൊണ്ട് തന്നെ ബ്ലാസ്റ്റേഴ്സിൻ്റെ പോരാട്ടം എളുപ്പമാവില്ല. ഹൈ പ്രസിംഗ് ഗെയിം ശൈലിയുള്ള ബ്ലാസ്റ്റേഴ്സ് അതേ ശൈലിയുള്ള ടീമിനോട് ഏറ്റുമുട്ടുമ്പോൾ പതറുന്നുണ്ട്. ഡിഫൻസ് ഷേപ്പ് നഷ്ടപ്പെടുന്ന പ്രവണതയ്ക്ക് എത്രയും വേഗം പരിഹാരം കണ്ടെത്തുകയെന്നത് അത്യാവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *