രാഷ്‌ടീയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചതിന് പിന്നാലെ സുപ്രധാന തീരുമാനങ്ങൾ പങ്കുവെച്ച് നടൻ വിജയ്. കരാർ ഒപ്പിട്ട ചിത്രങ്ങൾ പൂർത്തിയായതിന് ശേഷം അഭിനയം നിർത്തുമെന്നും മുഴുവൻ സമയവും രാഷ്ട്രീയത്തിന് വേണ്ടി മാറ്റി വെക്കുമെന്നും വിജയ് പ്രസ്താവനയിൽ പറഞ്ഞു.

‘എന്നെ സംബന്ധിച്ച് രാഷ്ട്രീയം എനിക്ക് മറ്റൊരു ജോലിയല്ല. അതൊരു വിശുദ്ധ ജോലിയാണ്. രാഷ്ട്രീയ ഉയരങ്ങൾ മാത്രമല്ല, രാഷ്ട്രീയത്തിൻ്റെ നീളവും പരപ്പും എൻ്റെ മുൻഗാമികളിൽ നിന്ന് പഠിക്കേണ്ടതുണ്ടെന്ന് ഞാൻ മനസ്സിലാക്കി. അതിനായി ഞാൻ മാനസികമായി തയ്യാറെടുക്കുകയാണ്. രാഷ്ട്രീയം ഒരു ഹോബിയല്ല, അത് എൻ്റെ അഗാധമായ ആഗ്രഹമാണ്. രാഷ്ട്രീയ പ്രവർത്തനത്തെ ബാധിക്കാതെ ഇതുവരെ കരാറൊപ്പിട്ട സിനിമകൾ പൂർത്തിയാക്കും. അതിനുശേഷം പൂർണമായും രാഷ്ട്രീയത്തിൽ മുഴുകും’, വിജയ് പ്രസ്താവനയിൽ പറഞ്ഞു.

പാർട്ടി ആരംഭിക്കുന്നതിനോടൊപ്പം തന്നെ ഒരു മൊബൈൽ ആപ്പും പാർട്ടി പുറത്തിറക്കും. ഈ ആപ്പിലൂടെ ജനങ്ങൾക്ക് പാർട്ടി അംഗമാവാൻ സാധിക്കും. ഒരു കോടി ആളുകളെ പാർട്ടി അംഗമാക്കാനാണ് ആദ്യ ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. 2024 ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ആർക്കും പിന്തുണ പ്രഖ്യാപിക്കില്ല. 2026 നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യമിടുന്നതെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. വരുന്ന ഏപ്രിലിൽ സമ്മേളനം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *