പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയ സംഭവത്തില്‍ ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം അഞ്ചു പേര്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്ത് ഫയര്‍ഫോഴ്‌സ് മേധാവി ബി സന്ധ്യ ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.സംഭവത്തില്‍ റീജിയണല്‍ ഫയര്‍ ഓഫീസര്‍, ജില്ലാ ഫയര്‍ ഓഫീസര്‍, പരിശീലനം നല്‍കിയ മൂന്ന് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരേയാണ് നടപടിക്ക് ശുപാര്‍ശ.പോപുലര്‍ ഫ്രണ്ട് രൂപീകരിച്ച റസ്‌ക്യു ആന്‍ഡ് റിലീഫ് വിഭാഗത്തിനാണ് മാര്‍ച്ച് 30ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കിയത്. ആലുവയിലായിരുന്നു സംസ്ഥാനതല ഉദ്ഘാടനം. ഉദ്ഘാടന ചടങ്ങില്‍ പ്രവര്‍ത്തകര്‍ക്കായി പരിശീലന പരിപാടിയും സംഘടിപ്പിച്ചിരുന്നു. ഇതിലാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കിയത്.പരിശീലനം നല്‍കിയത് ഗുരുതര വീഴ്ചയാണെന്നാണ് ഫയര്‍ഫോഴ്‌സ് മേധാവിയുടെ കണ്ടെത്തല്‍.ദുരന്ത നിവാരണ വേളയില്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് പരിശീലനം നല്‍കിയത്. ഇതില്‍ ഗുരുതരമായ വീഴ്ചയുണ്ടെന്നാണ് കണ്ടെത്തല്‍.
ജില്ലാ ഫയര്‍ ഓഫിസര്‍ക്കെതിരെയും ബി സന്ധ്യ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ അപേക്ഷയില്‍ റീജണല്‍ മേഖലയില്‍ തീരുമാനമെടുത്തെന്നും ഡിജിപിയുടെ റിപ്പോര്‍ട്ടിലുണ്ട്. പൊതുസമൂഹത്തിന്റെ മുന്നില്‍ പോപ്പുലര്‍ ഫ്രണ്ടും അഗ്‌നിശമനസേനയും തമ്മില്‍ ബന്ധമുണ്ടെന്ന പ്രതീതിയുണ്ടാക്കുന്നതാണ് സംഭവമെന്നാണ് ഡിജിപി റിപ്പോര്‍ട്ടിലൂടെ വിശദീകരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *