കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന യു.ഡി.എഫിന്റെ കെ റെയിൽ വിരുദ്ധ സമരത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ നാട്ടകം സുരേഷ് പങ്കെടുക്കാതിരുന്നത് വാർത്തയായിരുന്നു. എന്നാൽ യു.ഡി.എഫ് യോഗത്തിൽ പങ്കെടുക്കാതിരുന്നതിന് അതിന്റേതായ രാഷ്ട്രീയ കാരണങ്ങളുണ്ടെന്ന് നാട്ടകം സുരേഷ് പറഞ്ഞു.ബാനറില്‍ തന്റെ ചിത്രം വെച്ചില്ലെന്നും വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നുമുള്ള പരാതിയെ തുടര്‍ന്നാണ് നാട്ടകം സുരേഷ് പ്രതിഷേധ പരിപാടിയില്‍ നിന്ന് വിട്ടുനിന്നത് എന്ന തരത്തില്‍ നേരത്തെ ആക്ഷേപങ്ങള്‍ ഉണ്ടായിരുന്നു.

ഇതിന് മറുപടിയായാണ് ഇദ്ദേഹം ഇപ്പോൾ രംഗത്തെത്തിയത് യുഡിഎഫ് യോഗത്തിൽ താൻ പങ്കെടുക്കാതിരുന്നതിന് കൃത്യമായ കാരണം ഉണ്ട്. അത് പാർട്ടി വേദിയിൽ പറയും. ഫ്‌ളക്സിൽ പടം വരാതിരുന്നത് കാരണമല്ല പരിപാടിയിൽ പങ്കെടുക്കാതിരുന്നത്. പത്രത്തിൽ പടം വരുന്നതോ ഫ്ളക്സ് ബോർഡ് സ്ഥാപിക്കുനതോ കണ്ട് കുളിർ കോരുന്ന പാരമ്പര്യമല്ല തൻ്റേത്. പത്രത്തിൽ പടം വരാൻ ഇടിയുണ്ടാക്കി കേറുന്ന നേതാവുമല്ല താൻ. യു.ഡി.എഫിന്റെ യോഗം നടക്കുന്ന ദിവസങ്ങളിൽ പല പരിപാടികളും ഉണ്ടാകും. ഡി.സി.സി പ്രസിഡന്റ് എന്ന പദവിയുടെ രാഷ്ട്രീയ മഹത്വം ഉയർത്തിപ്പിടിക്കുകയാണ് ലക്ഷ്യം. അതിന് വേണ്ടിയാണ് യു.ഡി.എഫ് യോഗത്തിൽ നിന്ന് വിട്ട് നിന്നത്. ഏത് ജോലി ഏറ്റെടുത്താലും , അത് ഭംഗിയായി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അറിഞ്ഞ് കേട്ട് ചാത്തം ഉണ്ണാൻ പോകാറില്ല. പാർട്ടിയിലെ പ്രശ്നം പാർട്ടിയിൽ പരിഹരിക്കും. നിലവിൽ പരാതി നൽകേണ്ട പ്രശ്നങ്ങൾ ഒന്നുമില്ല. എന്ത് കൊണ്ട് പങ്കെടുത്തില്ല എന്ന് പാർട്ടി വേദിയിൽ അറിയിക്കും. പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്ന പരിപാടി ഡിസിസി പ്രസിഡന്റിനെ അറിയിക്കേണ്ടതാണ്. അറിയിക്കാറില്ല എന്നത് ഒരു പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *