ബലാത്സംഗ കേസിൽ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് താരസംഘടനയായ ‘അമ്മ’യുടെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്നും നടി മാലാ പാർവതി രാജിവെച്ചു.വിജയ് ബാബുവിനെ എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന ഇന്റേണല്‍ കമ്മിറ്റി നിര്‍ദേശം അമ്മ നേതൃത്വം തള്ളിയതിന് പിന്നാലെയാണ് മാലാ പാര്‍വതിയുടെ രാജി.സമിതിയിലെ മറ്റ് അംഗങ്ങൾക്കും വിഷയത്തില്‍ അമർഷമുണ്ട്. വിജയ് ബാബുവിനെ പുറത്താക്കാൻ 30 ന് തന്നെ സമിതി ശുപാർശ ചെയ്തിരുന്നു. ഇന്നലെ ചേർന്ന യോഗം ഇത് തള്ളിയതിലാണ് കടുത്ത അമർഷം ഉയര്‍ന്നത്.

വിജയ് ബാബുവിനെതിരെ നടപടി എടുക്കുന്നതിനെ ചൊല്ലിയാണ് ‘അമ്മ’ സംഘടനയിൽ തർക്കം ഉണ്ടായത്. വിജയ് ബാബുവിനെതിരെ നടപടി വേണ്ടെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഒരു വിഭാഗം നിലപാടെടുത്തു. നടിയെ ബലാത്സംഗം ചെയ്തതിന് കേസെടുത്ത നടനെതിരെ നടപടി വേണമെന്നായിരുന്നു മറുവിഭാഗത്തിന്‍റെ വാദം. നടപടി എടുത്താൽ വിജയ് ബാബു ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയ്ക്ക് തിരിച്ചടിയാകുമെന്നായിരുന്നു നടനെ അനുകൂലികളുടെ വാദം.ഏകകണ്ഠമായാണ് വിജയ് ബാബുവിനെ പുറത്താക്കണമെന്ന ശുപാർശ സമിതി കൈക്കൊണ്ടതെന്ന് രാജിക്കത്തിൽ മാലാ പാർവതി വ്യക്തമാക്കുന്നുണ്ട്.വിജയ് ബാബുവിനെ മാറ്റിനിര്‍ത്തിയില്ലെങ്കില്‍ രാജി വെക്കുമെന്ന് ശ്വേതാ മേനോനും, നടന്‍ ബാബുരാജും അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പിന്നാലെ വിജയ് ബാബു സ്വമേധയാ എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ നിന്ന് മാറിനില്‍്ക്കാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു.നിരപരാധിത്വം തെളിയുന്നത് വരെ താല്‍ക്കാലികമായി മാറിനില്‍ക്കുന്നുവെന്ന കത്താണ് വിജയ് ബാബു അമ്മ നേതൃത്വത്തിന് അയച്ചത്. തന്റെ പേരില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളുടെ പേരില്‍ താന്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമായിരിക്കുന്ന സംഘടനക്ക് അവമതിപ്പ് ഉണ്ടാക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍ നിരപരാധിത്വം തെളിയുന്നത് വരെ അമ്മ എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ നിന്ന് തല്‍ക്കാലം മാറി നില്‍ക്കുന്നുവെന്ന് വിജയ് ബാബു താരസംഘടനക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. ഈ കത്തിന് അംഗീകാരം നല്‍കുകയാണ് മേയ് ഒന്നിന് ചേര്‍ന്ന എക്‌സിക്യുട്ടീവ് കമ്മിറ്റി ചെയ്തത്. മോഹന്‍ലാല്‍ പ്രസിഡന്റും മണിയന്‍ പിള്ള രാജു, ശ്വേതാ മേനോന്‍ എന്നിവര്‍ വൈസ് പ്രസിഡന്റും ഇടവേള ബാബു ജനറല്‍ സെക്രട്ടറിയും ജയസൂര്യ ജോയിന്റ് സെക്രട്ടറിയും സിദ്ദീഖ് ട്രഷററുമായ താരസംഘടനയുടെ അവയിലബിള്‍ എക്‌സിക്യുട്ടീവാണ് ഇന്നലെ വിജയ് ബാബുവിന്റെ സ്വമേധയാ ഉള്ള മാറി നില്‍ക്കല്‍ ചര്‍ച്ച ചെയ്യാന്‍ ഇന്നലെ ചേര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *