മാനവികതയും പൗരബോധവും ഉള്‍പ്പെടുത്തിയുള്ള പാഠ്യപദ്ധതിയാണ് സംസ്ഥാനത്ത് ഇത്തവണ നടപ്പാക്കുന്നതെന്ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പെരിങ്ങൊളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദ്യാലയങ്ങളില്‍ രണ്ടാഴ്ചത്തേക്ക് ഒരു ദിവസം ഒരു മണിക്കൂര്‍ പൗരബോധം വളര്‍ത്തുന്ന ക്ലാസുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. അതിനൊപ്പം സൂംബ ഡാന്‍സ് സ്‌കൂള്‍ പഠനത്തിന്റെ ഭാഗമാക്കും. കായികക്ഷമത വര്‍ധിപ്പിക്കുക, മാനസികോല്ലാസം നല്‍കുക എന്നീ ലക്ഷ്യത്തോടെ സൂംബ ഡാന്‍സും പഠനത്തിന്റെ ഭാഗമാകുമ്പോള്‍ ലഹരിക്കെതിരായ പോരാട്ടം കൂടുതല്‍ ശക്തമാകും.
സമഗ്ര ഗുണമേന്മാ വര്‍ഷമായി ഇത്തവണത്ത അധ്യയന വര്‍ഷത്തെ പരിഗണിക്കുന്നുണ്ട്. ഓരോ ക്ലാസിലെയും കുട്ടികള്‍ നേടേണ്ട അറിവും കഴിവും അതത് ക്ലാസില്‍ വെച്ച് നേടിയെന്ന് ഇതിലൂടെ ഉറപ്പാക്കും. ഓരോ ഘട്ടത്തിലും കുട്ടിയുടെ പഠനനില മനസ്സിലാക്കുകയും ആവശ്യമായ പിന്തുണ നല്‍കി കുട്ടികളെ പഠനത്തില്‍ മുന്നേറാന്‍ പ്രാപ്തരാക്കുകയുമാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
കൂടെയുള്ളവരെ ബഹുമാനിക്കാനും സ്നേഹിക്കാനും അവര്‍ക്ക് കൈത്താങ്ങാകാനും അവരെ ഇഷ്ടപ്പെടാനും ഐക്യപ്പെടാനുമെല്ലാം മനസ്സിനെ പരുവപ്പെടുത്തുകയെന്ന വലിയ ഉത്തരവാദിത്തം വിദ്യാലയങ്ങളും വിദ്യാഭ്യാസവും നമുക്ക് നല്‍കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പി ടി എ റഹീം എംഎല്‍എ അധ്യക്ഷത വഹിച്ചു. നവാഗതരായ വിദ്യാര്‍ഥികളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി വരവേറ്റു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നിഷ പുത്തന്‍പുരയില്‍, ഡിഡിഇ സി മനോജ് കുമാര്‍, ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബിത തോട്ടഞ്ചേരി സ്വാഗതവും എസ്എസ്‌കെ ജില്ലാ പ്രോജക്ട് കോഓഡിനേറ്റര്‍ ഡോ. എ കെ അബ്ദുല്‍ ഹക്കീം നന്ദിയും പറഞ്ഞു.