
അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സാക്ഷികളെ തട്ടിക്കൊണ്ടുപോയി മൊഴിമാറ്റിച്ചുവെന്ന കേസില്‍ സിപിഐഎം നേതാവിനെ വെറുതെ വിട്ടു. സി പി സലിമിനെയാണ് തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വെറുതെ വിട്ടത്.
2013 സെപ്തംബറിലാണ് സലിമിനെതിരെ പരാതി വന്നത്. ഷുക്കൂര്‍ വധക്കേസിലെ സാക്ഷികളായ മുസ്ലീം ലീഗ് പ്രവര്‍ത്തകരെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി. തളിപ്പറമ്പ് ടൗണില്‍ വച്ച് സിപിഐഎം നേതാവ് സാക്ഷികളായ ലീഗ് പ്രവര്‍ത്തകരെ കാറില്‍ ബലമായി കയറ്റിക്കൊണ്ട് പോയെന്നായിരുന്നു ഉയര്‍ന്ന പരാതി. ഇതേ കേസില്‍ പ്രതിയായ പ്രതിഭാഗം അഭിഭാഷകന് നിക്കോളാസ് ജോസഫിനെ മുന്‍പ് ഹൈക്കോടതി വെറുതെ വിട്ടിരുന്നു.മുസ്ലീംലീഗ് വിദ്യാര്‍ത്ഥി വിഭാഗമായ എംഎസ്എഫിന്റെ പ്രാദേശിക പ്രവര്‍ത്തകനായിരുന്ന ഷുക്കൂര്‍ 2012 ഫെബ്രുവരി 20 നാണ് കൊല്ലപ്പെട്ടത്. സിപിഐഎം ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജന്റെ കാര്‍ തടഞ്ഞു എന്ന ആരോപണത്തിന് പിന്നാലെയാണ് എം എസ് എഫ് നേതാവായ അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. കേസില്‍ സിപിഐഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷും ഉള്‍പ്പെടെ പ്രതികളാണ്. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.