തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് കേരളത്തിലെ 14 ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിൽ മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ മൂന്ന് വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ് എന്നീ 11 ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്നാണ് സൂചന. ജൂൺ അഞ്ചാം തീയതി വരെ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും മഴ മുന്നറിയിപ്പ് ബാധകമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്ത് ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ കാലവർഷം ജൂൺ 4-ഓടെ എത്തിയേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതിയ വിലയിരുത്തൽ. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും കൂടുതൽ ഭാഗങ്ങളിലേക്ക് കാലവർഷം വ്യാപിക്കുന്നതിന് നിലവിൽ അനുകൂലമായ സാഹചര്യമാണുള്ളത്. ജൂൺ 4-ഓടെ അറബിക്കടലിന്റെ തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ മേഖലകളിലും ലക്ഷദ്വീപ് ദ്വീപുകളിലും കാലവർഷം കൂടുതൽ സജീവമാകും. ഇതിന് പുറമെ ബംഗാൾ ഉൾക്കടലിന്റെ തെക്കുപടിഞ്ഞാറ്, മധ്യഭാഗം, വടക്കുകിഴക്കൻ മേഖലകളിലേക്കും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ബാക്കി ഭാഗങ്ങളിലേക്കും ഇതേ സമയത്തിനുള്ളിൽ കാലവർഷം വ്യാപിക്കുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *