പ്രശസ്‌ത തെന്നിന്ത്യൻ ചലച്ചിത്ര പിന്നണി ഗായികയായ കല്യാണി മേനോൻ (80) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് കുറച്ച് നാളായി വിശ്രമത്തിലായായിരുന്നു. എ.ആർ റഹ്‌മാന്റേതുൾപ്പടെ മിക്ക ദക്ഷിണേന്ത്യൻ സംഗീത സംവിധായകരുടെയും ചിത്രങ്ങളിൽ ഗാനങ്ങൾ ആലപിച്ചിട്ടുളള കല്യാണി മേനോൻ കൂടുതലായും മലയാളം, തമിഴ് ഗാനങ്ങളാണ് ആലപിച്ചിട്ടുളളത്. നൂറിലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. എറണാകുളം കാരയ്‌ക്കാട്ട് മാറായിൽ ബാലകൃഷ്ണ മേനോന്റെയും രാജമ്മയുടെയും ഏക മകളാണ്. ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’ എന്ന ചിത്രം ഒരുക്കിയ സംവിധായകൻ രാജീവ് മേനോൻ മകനാണ്.
രാമു കാര്യാട്ട് സംവിധാനം ചെയ്‌ത 1977ൽ പുറത്തിറങ്ങിയ ‘ദ്വീപ്’ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് കല്യാണി മേനോൻ എത്തിയത്.കണ്ണീരിൻ മഴയത്തും എന്ന ആ ഗാനം ആരാധക പ്രശംസ പിടിച്ചുപറ്റി. ശിവാജി ഗണേശന്റെ നല്ലതൊരു കുടുംബം(1979)ൽ തമിഴിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് 90കളിൽ എ.ആർ റഹ്‌മാന്റെ നിരവധി ചിത്രങ്ങളിൽ കല്യാണി മേനോൻ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. പുതിയ മന്നർഗൾ(1993) എന്ന ചിത്രത്തിലെ വാടി സാതുകുട്ടി, ഹിറ്റ് ചിത്രമായ കാതലൻ (1994) ഇന്ദിരയോ, രജനീകാന്ത് നായകനായ മുത്തു (1995), 2000ൽ പുറത്തിറങ്ങിയ അലൈപായുതെയിലെ ടൈറ്റിൽ സോംഗ് എന്നിവ ഇവയിൽ ചിലതാണ്.
മലയാളത്തിൽ ‘വിയറ്റ്‌നാം കോളനി’യിലെ ഹിറ്റ് ഗാനമായ ‘പവനരച്ചെഴുതുന്നു’ ആലപിച്ചത് കല്യാണി മേനോനാണ്. ശ്രീവൽസൻ ജെ.മേനോൻ സംഗീതം നൽകിയ ലാപ്‌ടോപ് എന്ന ചിത്രത്തിലെ ജലശയ്യയിൽ എന്ന ഗാനം, തമിഴിൽ തന്നെ ഗൗതം മേനോൻ ചിത്രമായ ‘വിണ്ണൈതാണ്ടി വരുവായ’യിലെ ഓമനപ്പെണ്ണേ എന്ന ഗാനവും ’96’ലെ കാതലേ കാതലേ എന്ന ഹിറ്റ് ഗാനവും ആലപിച്ചത് കല്യാണി മേനോനാണ്. കലൈമാമണി പുരസ്‌കാരം നൽകി തമിഴ്നാട് സർക്കാർ ആദരിച്ചിട്ടുണ്ട്.