‘എന്‍ജോയ് എഞ്ചാമി’ എന്ന ഗാനം എഴുതുന്നതിന് തന്നെ ആരും ഒരു തരത്തിലും സഹായിച്ചിട്ടില്ലെന്നും ‘തേയിലത്തോട്ടത്തിൽ അടിമകളായിരുന്ന തന്റെ പൂർവികരുടെ ചരിത്രമല്ലാതാകുന്നില്ലെന്നും അറിവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായി സംഗീതസംവിധായകൻ സന്തോഷ് നാരായണൻ രംഗത്തെത്തിയിരിക്കുകയാണ്.എൻജോയ് എഞ്ചാമി എന്ന ഗാനം നിർമിച്ചതുകൂടാതെ സംഗീതസംവിധാനം നിർവഹിച്ചതും താനാണെന്ന് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു.ഈ ഗാനം അറേഞ്ച് ചെയ്തതും പ്രോഗ്രാം ചെയ്തതും റെക്കോര്‍ഡ് ചെയ്തതും താനാണെന്ന് ഇന്‍സ്റ്റാഗ്രാമില്‍ എഴുതിയ കുറിപ്പില്‍ സന്തോഷ് നാരായണന്‍ പറഞ്ഞു. ഗാനത്തിന്റെ എല്ലാ വരുമാനവും ഉടമസ്ഥതയും ധീയും അറിവും താനും തുല്യമായി പങ്കിടുന്നു എന്നും സന്തോഷ് നാരായണന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
“2020-ലാണ് നമ്മുടെ വേരുകളെ പ്രകീർത്തിക്കുന്നതും പ്രകൃതിയെ ആഘോഷിക്കുന്നതുമായ ഒരു തമിഴ് ഗാനത്തിന്റെ ആശയവുമായി ധീ വന്നത്. ഞാൻ പിന്നീട് ഈ ഗാനം സംഗീത സംവിധാനം ചെയ്യുകയും അറേഞ്ചും പ്രോഗ്രാമും റെക്കോർഡും ചെയ്യുകയും ഒപ്പം പാടുകയും ചെയ്തു. സ്വതന്ത്ര സംഗീത മേഖലയിൽ പലർക്കും ഇതിനകം അറിയാവുന്നതുപോലെ, മുകളിൽ പറഞ്ഞ എന്റെ സൃഷ്ടിയെ ആഗോളതലത്തിൽ ഞാൻ നിർമ്മിച്ചതായാണ് അറിയപ്പെടുന്നത്. ഏതെങ്കിലും ഒരു കലാകാരൻ എൻജോയ് എഞ്ചാമിയിൽ പാടുന്നതിലപ്പുറം ഓരോരുത്തരും അവരുടെ ഭാഗം കോ-കംപോസ് ചെയ്യുകയോ അവരുടെ ഭാഗങ്ങളുടെ വരികൾ എഴുതുകയോ ചെയ്യാമെന്നും ഞങ്ങൾ തീരുമാനിച്ചു.”
“ധീയും അറിവും പാട്ട് പാടാൻ സമ്മതിച്ചപ്പോൾ, ഇരുവരും സർഗാത്മക പ്രക്രിയയിൽ ഏർപ്പെട്ടിരുന്നു. അറിവ് വരികൾ എഴുതാനും ധീ അവളുടെ പല വരികളുടെയും ട്യൂണുകൾ കോ-കംപോസ് ചെയ്യാനും സമ്മതിച്ചു. ബാക്കി രാഗം ചിട്ടപ്പെടുത്തിയതും അറിവിന്റെ ഭാഗങ്ങളുടെ ഈണം ഒരുക്കിയതും ഞാനാണ്.”
“സംവിധായകൻ മണികണ്ഠനോട് ഞങ്ങളുടെ ടീം നന്ദി പറയുന്നു. അദ്ദേഹത്തിന്റെ ‘കടൈസി വിവസായി’ എന്ന സിനിമയിൽ നിന്നുമുള്ള പ്രചോദനം ആണ് എൻജോയ് എൻജാമിയുടെ അടിസ്ഥാനം. പാട്ടുകളിലെ ഒപ്പാരി വരികൾ ആരക്കോണത്തും പരിസര ഗ്രാമങ്ങളിലുമുള്ള പാട്ടികളുടെയും താത്താമാരുടെയും സംഭാവനയാണ്. അവരുടെ രചനയെ ബഹുമാനിക്കാൻ മനസ്സുവെച്ചതിന് അറിവിന് നന്ദി. എന്റെ എക്കാലത്തെയും പ്രിയപ്പെട്ട പരമ്പരാഗത ഒപ്പാരികളിൽ ഒന്നാണ് പന്തലുല പാവക്ക.”
“ഈ പാട്ടിന്റെ എല്ലാ വരുമാനവും ഉടമസ്ഥതയും ധീയും അറിവും ഞാനും തുല്യമായി പങ്കിടുന്നു എന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ നിയന്ത്രണത്തിലുള്ള എല്ലാ പ്ലാറ്റ്ഫോമുകളിലും മുൻവിധികളില്ലാതെ ഞാൻ ആർട്ടിസ്റ്റുകളായ അറിവിന്റെയും ധീയുടെയും ഒപ്പം നിന്ന് അവരെ അംഗീകരിച്ചിരുന്നു. പാട്ടിന്റെ ഓഡിയോ ലോഞ്ചിലെ അറിവിനെക്കുറിച്ചുള്ള എന്റെ പ്രസംഗം അതിന് തെളിവാണ്.”
ഇനി 2022 ൽ ചെസ് ഒളിമ്പ്യാഡിൽ നടന്ന ധീയുടെയും കിടക്കുഴി മറിയമ്മാളിന്റെയും എൻജോയ് എൻജാമി പ്രകടനവുമായി ബന്ധപ്പെട്ട് പറയാം. അന്ന് രാജ്യത്തിന് പുറത്തായതിനാൽ പരിപാടിയിൽ പങ്കെടുക്കാനായില്ലെന്നാണ് സംഘാടകരെ അറിവ് അറിയിച്ചിരുന്നത്. അന്ന് അറിവിന്റെ സാന്നിധ്യമില്ലാത്തത് ഒരു നഷ്ടം തന്നെയായിരുന്നു. എന്നാൽ അറിവിന്റെ റെക്കോർഡിങ്ങ് പെർഫോമൻസിൽ നിലനിർത്തിയിരുന്നു. അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദമാകാൻ ഞാൻ എല്ലായ്പ്പോഴും എന്റെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നുണ്ട്. എന്റെ വ്യക്തിജീവിതവും കലയും അതിന് തെളിവാണെന്നും സന്തോഷ് നാരായണൻ പറഞ്ഞു.
എന്‍ജോയ് എഞ്ചാമി എന്ന ഗാനം താന്‍ കംപോസ് ചെയ്ത് താന്‍ തന്നെ എഴുതി, പാടി അവതരിപ്പിച്ചതാണെന്നും ഈ പാട്ടെഴുതാന്‍ തനിക്കാരും ട്യൂണോ മെലഡിയോ ഒരു വാക്കോ പറഞ്ഞു തന്നിട്ടില്ലെന്ന് ഗായകന്‍ അറിവ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. കഴിഞ്ഞ ആഴ്ച ചെസ് ഒളിമ്പ്യാഡില്‍ നടന്ന ധീയുടെയും കിടക്കുഴി മറിയമ്മാളിന്റെയും ‘എന്‍ജോയ് എന്‍ജാമി’ പെര്‍ഫോമന്‍സ് അറിവിന്റെ അസാന്നിധ്യത്തില്‍ വിവാദമായിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറിവ് ഇന്‍സ്റ്റഗ്രാമില്‍ ഇതുമായി ബന്ധപ്പെട്ട് പോസ്റ്റിട്ടത്. അതിന് ശേഷമാണ് സന്തോഷ് നാരായണനും ഇന്‍സ്റ്റഗ്രാമില്‍ പാട്ടിന്റെ നിര്‍മ്മാതാവ് മാത്രമല്ല താന്‍ എന്ന് അവകാശപ്പെട്ട് കുറിപ്പ് പങ്കുവെച്ചത്.
