കോഴിക്കോട്: ആഗോള സമാധാനത്തിനായി ലോകമെങ്ങുമുള്ള മതപണ്ഡിതര്‍ ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും ഫലസ്തീന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ അതിവേഗം പരിഹാരം കാണണമെന്നും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫതാഹ് അല്‍ സീസിയുടെ നേതൃത്വത്തില്‍ തലസ്ഥാനമായ കൈറോയില്‍ നടന്ന അന്താരാഷ്ട്ര ഫത്വ സമ്മേളനത്തില്‍ രാജ്യത്തെ പ്രതിനിധീകരിച്ചു പ്രബന്ധമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ രാജ്യങ്ങളിലെ ഫത്വാ കേന്ദ്രങ്ങളെ ഏകോപിപ്പിക്കുന്ന ജനറല്‍ സെക്രട്ടറിയേറ്റ് ഫോര്‍ ഫത്വ അതോറിറ്റീസ് വേള്‍ഡ് വൈഡ് സംഘടിപ്പിച്ച സമ്മേളനത്തില്‍ 40 ലധികം രാഷ്ട്രങ്ങളെ പ്രതിനിധീകരിച്ച് പണ്ഡിതരും മുഫ്തിമാരും നയതന്ത്ര വിദഗ്ധരും പങ്കെടുത്തു.

‘അതിവേഗം വളരുന്ന ലോകത്ത് ധാര്‍മിക അടിത്തറയുടെയും ഫത്വകളുടെയും പ്രസക്തി’ എന്ന വിഷയത്തില്‍ സമ്മേളനത്തിന്റെ മൂന്നാം സെഷനിലാണ് കാന്തപുരം സംസാരിച്ചത്. മനുഷ്യര്‍ക്കിടയിലെ സമത്വവും സാഹോദര്യവും വര്‍ധിപ്പിക്കുന്നതിലും വിവിധ മതങ്ങള്‍ക്കിടയിലെ മതാന്തര സംഭാഷണങ്ങള്‍ക്കും തീവ്രവാദത്തെ ചെറുക്കുന്നതിലും ഫത്വകള്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന വിഷയത്തെ ആസ്പദമാക്കിയാണ് വിവിധ സെഷനുകള്‍ നടന്നത്.

ഈജിപ്ത് മതകാര്യവകുപ്പ് മന്ത്രി ഡോ. ഒസാമ അല്‍-അസ്ഹരി, ഈജിപ്ത് മുഫ്തി ഡോ. ശൗഖി ഇബ്റാഹീം അല്ലാം, അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റി അണ്ടര്‍ സെക്രട്ടറി ഡോ. മുഹമ്മദ് അല്‍-ദുവൈനി, ജറുസലേം മുഫ്തി ശൈഖ് മുഹമ്മദ് ഹുസൈന്‍, ഇന്റര്‍നാഷണല്‍ ഇസ്ലാമിക് ഫിഖ്ഹ് അക്കാദമി സെക്രട്ടറി ജനറല്‍ ഡോ.ഖുതുബ് സാനോ, ബോസ്‌നിയന്‍ മുഫ്തി ശൈഖ് ഹുസൈന്‍ കവസോവിച്ച്, തായ്ലന്റ് മുഫ്തി ശൈഖ് ഹാരുണ്‍ ബൂണ്‍ ചോം, അബുദാബിയിലെ ജനറല്‍ അതോറിറ്റി ഫോര്‍ ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് എന്‍ഡോവ്മെന്റ് ചെയര്‍മാന്‍ ഹിസ് എക്സലന്‍സി ഡോ. ഒമര്‍ അല്‍-ദാറായി, യുണൈറ്റഡ് നേഷന്‍സ് അലയന്‍സ് ഓഫ് സിവിലൈസേഷന്റെ ഡയറക്ടര്‍ നിഹാല്‍ സാദ് തുടങ്ങിയ പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *