യുവനടിയുടെ ബലാത്സം​ഗക്കേസിൽ പ്രതിയായ നടൻ സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് വൈകും. സുപ്രീംകോടതിയുടെ അന്തിമ ഉത്തരവിന് ശേഷം മാത്രം മതി ചോദ്യം ചെയ്യലെന്ന തീരുമാനത്തിലാണ് അന്വേഷണസംഘം. സിദ്ദിഖിന് ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് അഭിഭാഷകർ അറിയിച്ചു. സ്വമേധയാ ഹാജരായാലും ചോദ്യം ചെയ്യേണ്ടെന്ന തീരുമാനത്തിലാണ് പൊലീസ്.ബലാത്സം​ഗക്കേസിൽ സുപ്രീംകോടതിയിൽ നിന്ന് താത്കാലികാശ്വാസം ലഭിച്ച സിദ്ദിഖ് പൊലീസിന്റെ ചോദ്യം ചെയ്യൽ നോട്ടീസിനായി കാത്തിരിക്കുകയാണ്. നോട്ടീസ് ലഭിച്ചാൽ ആ നിമിഷം അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാനാണ് തീരുമാനം. എന്നാൽ ഇതുവരെ സിദ്ദിഖിന് നോട്ടീസൊന്നും ലഭിച്ചിട്ടില്ലെന്ന് അഭിഭാഷകർ അറിയിച്ചു.ഏഴ് ദിവസം ഒളിവിൽ കഴിഞ്ഞതിന് ശേഷം ഇന്നലെ അഭിഭാഷകന് മുന്നിൽ പ്രത്യേക്ഷപ്പെട്ട നടൻ തുടർ നിയമനടപടികളി‍ൽ വിശദമായ ഉപദേശം തേടിയിരുന്നു. എന്നാൽ ദൃതിപിടിച്ചുള്ള ചോദ്യം ചെയ്യൽ വേണ്ടെന്ന തീരുമാനത്തിലാണ് കേസ് അന്വേഷിക്കുന്ന സംഘം. സുപ്രിംകോടതിയിൽ നിന്ന് അന്തിമ ഉത്തരവ് വരുന്നതിന് മുൻപ് ചോദ്യം ചെയ്യൽ പൂർത്തിയാക്കിയാൽ കേസിന്റെ പുരോഗതിയിൽ പൊലിസിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.സിദ്ദിഖിന്റെ അറസ്റ്റ് അനിവാര്യമാണെന്നും കസ്റ്റഡിയിലെടുത്ത് തന്നെ ചോദ്യം ചെയ്യണമെന്നും സുപ്രിംകോടതിയെ ബോധിപ്പിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. നടൻ സ്വമേധയാ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായാലും ചോദ്യം ചെയ്യേണ്ടെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തലും അന്തിമ ഉത്തരവിന് ശേഷം മതിയെന്ന് അന്വേഷണസംഘം തീരുമാനിച്ചിരുന്നു. ഇന്നലെ അഭിഭാഷകന് മുന്നിലെത്തിയ സിദ്ദിഖ് ആലുവയിലെ വീട്ടിലേക്ക് പോയെന്നാണ് വിവരം. തനിക്ക് അനുകൂലമായ തെളിവുകൾ ശേഖരിക്കുന്നതടക്കം പുരോ​ഗമിക്കുകയാണെന്നും നടനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *