കാസർകോട്: ദേശീയപാത നിർമാണത്തിന് വീട് പൊളിക്കുന്നതിൽ പ്രതിഷേധിച്ച് കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി. വീടിനു മുകളിൽ ഗ്യാസ് സിലിണ്ടർ എടുത്തുവച്ചായിരുന്നു ഭീഷണി. ദേശീയപാതയുടെ നിർമാണം ഏറ്റെടുത്ത കമ്പനി ഇന്നാണ് നിർമാണം തുടങ്ങിയത്.
വീടിന്റെ മുൻഭാഗം പൊളിക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടതായി കുടുംബം പറയുന്നു. നിർമാണം നിർത്തിവയ്ക്കാൻ കോടതി ഉത്തരവ് ലഭിച്ചതായി കുടുംബവും, കോടതി സ്റ്റേ മാറ്റിയതായി കമ്പനിയും പറയുന്നു.
നാട്ടുകാർ കുടുംബത്തിനു പിന്തുണയുമായി എത്തി. സർവീസ് റോഡില്ലാത്ത സ്ഥലത്ത് എന്തിനാണ് കൂടുതൽ സ്ഥലം ഏറ്റെടുക്കുന്നത് എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.നോട്ടിസ് നൽകാതെയാണ് വീട് പൊളിക്കുന്നതെന്ന് വീട്ടുകാർ മാധ്യമങ്ങളോട് പറഞ്ഞു. നഷ്ടപരിഹാരം നൽകിയാൽ വീട് ഒഴിയാൻ തയാറാണ്. അല്ലാതെ വീട്ടിൽനിന്ന് ഇറങ്ങില്ല.
ആറുമാസം മുൻപ് ഗേറ്റ് പൊളിച്ചു. അതേതുടർന്ന് കോടതിയിൽനിന്ന് സ്റ്റേ വാങ്ങി. അതിനുശേഷം പണി നടന്നിട്ടില്ല. കോടതി ഉത്തരവ് പാലിക്കാതെയാണ് വീട് പൊളിക്കാൻ പോകുന്നതെന്നും വീട്ടുകാർ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി ചർച്ച നടത്തി. തൽക്കാലം വീടിന്റെ മുൻഭാഗം പൊളിക്കില്ലെന്ന് ധാരണയിലെത്തി.
