വയനാട്: ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം വിജയന് രണ്ട് ബാങ്കുകളിലായി ഒരു കോടി രൂപയുടെ ബാധ്യതയുണ്ടെന്ന് പൊലീസ് കണ്ടെത്തല്‍. 10 ബാങ്കുകളിലെങ്കിലും വിജയന് ഇടപാട് ഉണ്ടായിരുന്നു എന്ന് പ്രാഥമിക നിഗമനം. 14 ബാങ്കുകളില്‍ നിന്ന് പൊലീസ് വിവരം തേടിയിട്ടുണ്ട്. മറ്റ് ബാങ്കുകളിലെ വായ്പകള്‍ കണ്ടെത്താനും അന്വേഷണം നടക്കുന്നുണ്ട്. ഇത്രയധികം ബാധ്യത എങ്ങനെ വന്നുവെന്ന് പരിശോധിക്കും.
സുല്‍ത്താന്‍ ബത്തേരി സഹകരണ ബാങ്ക് നിയമനത്തിന് ഉദ്യോഗാര്‍ഥികളില്‍ നിന്ന് വിജയന്‍ ഇടനിലക്കാരനായി ലക്ഷങ്ങള്‍ കോഴ വാങ്ങിയെന്ന് ആരോപണമുയര്‍ന്നിരുന്നു. കോണ്‍ഗ്രസിനെ വെട്ടിലാക്കി നിയമന കോഴ സംബന്ധിച്ച കരാര്‍ രേഖ പുറത്തുവന്നിരുന്നു. സുല്‍ത്താന്‍ബത്തേരി സ്വദേശിയായ പീറ്ററില്‍ നിന്ന് മകന് ജോലി നല്‍കാമെന്ന വ്യവസ്ഥയില്‍ 30 ലക്ഷം രൂപ കോഴ വാങ്ങിയതായാണ് 2019 ഒക്ടോബറില്‍ ഒപ്പിട്ട രേഖ. ആത്മഹത്യ ചെയ്ത എന്‍.എം.വിജയന്‍ രണ്ടാംകക്ഷിയായ കരാര്‍ ഒപ്പിട്ടിരിക്കുന്നത് അന്നത്തെ ഡിസിസി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണനു വേണ്ടിയാണ്. ഈ ആരോപണങ്ങള്‍ സുല്‍ത്താന്‍ബത്തേരി എംഎല്‍എ ഐ.സി ബാലകൃഷ്ണന്‍ ശക്തമായി നിഷേധിച്ചിരുന്നു.
ഡിസംബര്‍ 27നാണ് വിജയനും ഇളയ മകന്‍ ജിജേഷും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. 24ന് ഇരുവരെയും മണിച്ചറിയിലെ വീട്ടില്‍ കണ്ടെത്തുകയായിരുന്നു. ഇരുവരെയും ആദ്യം സുല്‍ത്താന്‍ ബത്തേരിയിലെ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.