ജില്ലയിലെ സംഘടനാ സംവിധാനം സമ്പൂര്‍ണ്ണ പരാജയമെന്നും കെപിസിസി അന്വേഷണ സമിതി റിപ്പോര്‍ട്ട്. തൃശ്ശൂരിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നേതൃത്വത്തിന് മനപ്പൂര്‍വമായ വീഴ്ചയെന്ന് റിപ്പോർട്ടിൽ പറയുന്നു.കെപിസിസി പൂഴ്ത്തിയ അന്വേഷണ സമിതി റിപ്പോര്‍ട്ടിലെ വിശദാംശങ്ങളാണ് പുറത്തു വന്നത് .പാര്‍ട്ടിയില്‍ പൊട്ടിത്തെറി ഉണ്ടായേക്കാവുന്ന കണ്ടെത്തലുകളാണ് അന്വേഷണസമിതി റിപ്പോര്‍ട്ടിലുള്ളത്.. ടി.എന്‍ പ്രതാപന്‍, ജോസ് വള്ളൂര്‍, എംപി വിന്‍സന്റ്, അനില്‍ അക്കര എന്നിവര്‍ക്കെതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. കഴിഞ്ഞ ഓഗസ്റ്റില്‍ കെപിസിസിക്ക് കൈമാറിയ അന്വേഷണ റിപ്പോര്‍ട്ടിന് 30 പേജുകളാണുള്ളത്. മുന്‍മന്ത്രി കെ സി ജോസഫ്, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍, ടി സിദ്ധിഖ് എംഎല്‍എ എന്നിവര്‍ അടങ്ങുന്ന കമ്മിഷനാണ് കെപിസിസിയ്ക്ക് റിപ്പോര്‍ട്ട് കൈമാറിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപി അക്കൗണ്ട് തുറക്കുകയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ കെ മുരളീധരന്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്ത സാഹചര്യത്തിലായിരുന്നു പരാജയത്തെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മിഷന്‍ രൂപീകരിച്ചത്. തൃശൂര്‍ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ടി എന്‍ പ്രതാപന്‍, ജോസ് വള്ളൂര്‍, എംപി വിന്‍സന്റ്, അനില്‍ അക്കര എന്നിവരെ 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പ് വരെ മാറ്റി നിര്‍ത്തണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ടായിരുന്നു. ഇത് പാലിക്കപ്പെട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *