ആറ്റിങ്ങൽ: ഹെൽമറ്റില്ലാതെ വാഹനമോടിച്ചെന്നു പറഞ്ഞ് പിക്കപ്പ് വാൻ ഓടിച്ചയാൾക്ക് പിഴയൊടുക്കാൻ മോട്ടർ വാഹന വകുപ്പിന്റെ നോട്ടിസ്. ആറ്റിങ്ങൽ കാഞ്ഞിരംപാറ സ്വദേശി ബഷീറിനാണ് മോട്ടർ വാഹന വകുപ്പിന്റെ വിചിത്ര നോട്ടിസ് ലഭിച്ചത്. ഹെൽമറ്റില്ലാതെ ആരോ ബൈക്കോടിക്കുന്ന ചിത്രത്തിനൊപ്പമാണ് പിക്കപ്പിന്റെ നമ്പറും രേഖപ്പെടുത്തി മോട്ടർ വാഹന വകുപ്പ് നോട്ടിസ് അയച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹെൽമറ്റില്ലാതെ ബൈക്കോടിച്ചതിന് 500 രൂപ പിഴയൊടുക്കാൻ ആവശ്യപ്പെട്ട് ബഷീറിന്റെ ഫോണിലേക്ക് ആറ്റിങ്ങൽ ആർടിഒയുടെ സന്ദേശമെത്തിയത്. എന്നാൽ ബഷീറിന് സ്വന്തമായി ബൈക്കില്ല. ഒരു സ്കൂട്ടറാണ് ഉള്ളത്. എന്നാൽ പിഴ നോട്ടിസിൽ രേഖപ്പെടുത്തിയ വാഹന നമ്പർ കണ്ട് ബഷീർ ഞെട്ടി. ഹെൽമറ്റ് വച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പിക്കപ്പ് വാനിന്റെ നമ്പറിലാണ് നോട്ടിസ് വന്നത്.
കൊല്ലം മൈലക്കാട് കണ്ണനല്ലൂരിൽവച്ച് മോട്ടർ വാഹന വകുപ്പിന്റെ ക്യാമറയിൽ പതിഞ്ഞ ബൈക്കിന്റെ ചിത്രത്തിൽ, വാഹന നമ്പർ വ്യക്തമല്ല. അന്നേ ദിവസം ബഷീർ കണ്ണനല്ലൂർ ഭാഗത്തേക്കു പോയിട്ടുമില്ല. എന്നിട്ടും കെഎൽ 02 ബിഡി 5318 എന്ന പിക്കപ്പ് വാൻ നമ്പറിൽ എങ്ങനെ നോട്ടിസ് വന്നുവെന്നാണ് ബഷീറിന്റെ ചോദ്യം.
