തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ പുറത്തിറക്കി ആരോഗ്യ വകുപ്പ്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കുലറില്‍ പറയുന്നു. കോവിഡ് 19, ഇന്‍ഫ്ലുവന്‍സ രോഗമുള്ളവര്‍ക്ക് അപായലക്ഷണങ്ങള്‍ ഉണ്ടോ എന്ന് ശ്രദ്ധിക്കണം, രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളവര്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം, രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട എല്ലാവര്‍ക്കും കോവിഡ് പരിശോധന നടത്തണം എന്നിവയൊക്കെയാണ് സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍.
ആശുപത്രികളില്‍ എല്ലാവരും മാസ്‌ക് ധരിക്കണം, ആശുപത്രി സംവിധാനങ്ങളുടെ പര്യാപ്തത അടിയന്തരമായി വിലയിരുത്തണം, എല്ലാ സ്വകാര്യ സര്‍ക്കാര്‍ ആശുപത്രികളിലും മോക്ക് ഡ്രില്‍ നടത്തണം തുടങ്ങിയ നിര്‍ദേശങ്ങളും സര്‍ക്കുലറിലുണ്ട്. രോഗമുള്ളവരെ പരിചരിക്കുമ്പോള്‍ 2023 ല്‍ ഇറക്കിയ എബിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകരോട് നിര്‍ദേശം.
ഒമിക്രോണ്‍ ജെഎന്‍-1 വകഭേദമായ എല്‍എഫ്-7 ആണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് കേരളത്തില്‍ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്യുന്നു. 80 വയസ്സുള്ള പുരുഷനാണ് ഇന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ മൂന്നായി. കേരളത്തിലെ കോവിഡ് കേസുകളുടെ എണ്ണം 1435 ല്‍ നിന്നും 1416 ആയി കുറഞ്ഞിട്ടുണ്ട്. രാജ്യത്താകമാനം 4026 ആക്ടീവ് കേസുകളാണുള്ളത്.