തിരുവനന്തപുരം: പോക്‌സോ കേസില്‍ ഉള്‍പെട്ട വിവാദ യൂഡ്യബറെ പ്രവേശനോത്സവച്ചടങ്ങില്‍ മുഖ്യാതിഥിയാക്കിയ സ്‌കൂള്‍ നടപടി വിവാദത്തില്‍.
പോക്‌സോ കേസ് പ്രതിയായ മുകേഷ് എം. നായരാണ് തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളില്‍ നടന്ന പ്രവേശനോത്സവത്തില്‍ മുഖ്യാതിഥിയായത്.
നഗരത്തിലെ പുരാതനമായ എയ്ഡഡ് സ്‌കൂളിലാണ്, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അര്‍ദ്ധനഗ്‌നയാക്കി വീഡിയോ ചിത്രീകരിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുകേഷ് എം. നായരെയാണ് മുഖ്യാതിഥിയാക്കിയത്. പോക്‌സോ കോടതിയില്‍നിന്ന് ഉപാധികളോടെ ജാമ്യത്തിലിറങ്ങിയ ഇയാള്‍ സ്‌കൂളില്‍നിന്ന് പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ കുട്ടികള്‍ക്ക് ഉപഹാരം നല്‍കാനാണ് എത്തിയത്.
പോക്‌സോ കേസില്‍ ഉള്‍പ്പെട്ട അധ്യാപകരെ സര്‍വിസില്‍ നിന്ന് നീക്കം ചെയ്യുന്നതടക്കം കര്‍ശന നിലപാടുകള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുമ്പോഴാണ് വകുപ്പിനുതന്നെ കളങ്കമുണ്ടാക്കുന്ന സംഭവം.സ്‌കൂളിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യാനെത്തിയ സംഘടനയാണ് മുകേഷ് എം. നായരെ മുഖ്യാതിഥിയായി എത്തിച്ചതെന്ന് സ്‌കൂള്‍ അധികൃതര്‍ വിശദീകരിച്ചു.