താര സംഘടന ‘അമ്മ’യുടെ പ്രസിഡന്റ് മോഹന്‍ലാലിന് കത്തയച്ച് ഗണേഷ് കുമാര്‍. ദിലീപിനും വിജയ് ബാബുവിനും രണ്ട് നീതി, ഇത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം എന്നതുള്‍പ്പെടെയുള്ള വിമര്‍ശനങ്ങള്‍ ഉന്നയിച്ചാണ് ഗണേഷ് കുമാര്‍ മോഹന്‍ലാലിന് കത്തയച്ചത്.. വിജയ് ബാബുവിനെ ‘അമ്മ യോ​ഗത്തിലേക്ക് ആനയിച്ചത് ശരിയായില്ല. മാസ് എൻട്രി എന്ന നിലയിൽ ‘അമ്മ തന്നെ വിജയ് ബാബുവിന്റെ വീഡിയോ ഇറക്കി., ഇടവേള ബാബുവിന്റെ ‘ക്ലബ്’ പരാമർശം, തുടർന്നുണ്ടായ വിവാദം, ‘അമ്മ’യിൽ വർധിപ്പിച്ച അംഗത്വ ഫീസ് തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് കത്ത് നൽകിയിരിക്കുന്നത്. താൻ മുൻപ് അയച്ചിരുന്ന കത്തുകൾക്കൊന്നും തന്നെ മറുപടി ലഭിച്ചിരുന്നില്ല എന്നും അതുപോലെ ആവില്ല ഈ കത്ത് എന്നും ഗണേഷ് കുമാർ വ്യക്തമാക്കുന്നു.ഈ പ്രശ്നങ്ങളിൽ മോഹൻലാൽ പുലർത്തുന്ന മൗനം വെടിയണമെന്നും ഗണേഷ് കത്തിൽ ആവശ്യപ്പെട്ടു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ വിജയ് ബാബുവിനോട് പണം വാങ്ങിയെന്ന യുവനടിയുടെ പരാതിയിലെ ആരോപണം ഗുരുതരമാണ്. ‘അമ്മ’ ക്ലബ്ബാണെന്ന് പറഞ്ഞ ഇടവേള ബാബുവിനെ തിരുത്താത്ത മോഹൻ ലാലിന്റെ നടപടി ശരിയല്ലെന്നും ഗണേഷ് കുറിക്കുന്നു.താരസംഘടന ക്ലബ് ആണെന്ന ഇടവേള ബാബുവിന്റെ പരാമർശത്തിനെതിരെ നേരത്തേയും ​ഗണേഷ് പ്രതികരണവുമായി രം​ഗത്തെത്തിയിരുന്നു. താരസംഘടന സ്വന്തം സ്വകാര്യവസ്തുവാണെന്ന് ധരിക്കരുതെന്നാണ് അദ്ദേഹം ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *