
കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം ഇടിഞ്ഞുവീണ് യുവതിക്ക് ജീവന്‍ നഷ്ടപ്പെട്ട സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വിവരമറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ച വിവരമാണ് മാധ്യമങ്ങളുമായി പങ്കുവെച്ചതെന്നും അപകടം ഉണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാകളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കോട്ടയത്ത് നടത്തിയ പത്രസമ്മേളനത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘വളരെ ദാരുണമായ സംഭവമാണ് നടന്നത്. അപകടത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവം അറിഞ്ഞ് അവിടെ എത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരമാണ് മാധ്യമങ്ങളുമായി പങ്കുവെച്ചത്. മുഖ്യമന്ത്രി സംഘടിപ്പിച്ച റീജിയണല്‍ മീറ്റിങ്ങില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണ് താനും മന്ത്രി വാസവനും അപകടവിവരം അറിഞ്ഞത്. ഉടന്‍തന്നെ സംഭവസ്ഥലത്തെത്തി. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പരിശോധിച്ചു, ഉള്ളില്‍ ആരുമില്ല എന്ന വിവരമാണ് ലഭിച്ചത്. അതേവിവരമാണ് മാധ്യമങ്ങളോട് പങ്കുവെച്ചത്,’ മന്ത്രി പറഞ്ഞു.
‘കെട്ടിടാവശിഷ്ടങ്ങള്‍ മാറ്റുക എന്നതിലുപരി ആരെങ്കിലും ഉള്ളില്‍പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് സമയം കളയാതെ ആവശ്യമായ മെഷീനുകളും മറ്റും എത്തിച്ചത്. സ്ഥലത്തേക്ക് ജെസിബി എത്തിച്ചു, അത് കെട്ടിടത്തിനുള്ളിലേക്ക് കടത്താന്‍ പ്രയാസമുണ്ടായിരുന്നു. കെട്ടിടത്തില്‍ ആരും ഇല്ലാ എന്ന് പറഞ്ഞെങ്കിലും, ആരെങ്കിലും ഉണ്ടാകുമോ എന്ന് നടത്തിയ തിരച്ചിലിലാണ് പരിക്കേറ്റ യുവതിയെ കണ്ടെത്തിയത്. അതുകൊണ്ടുതന്നെ രക്ഷാപ്രവര്‍ത്തനത്തില്‍ അനാസ്ഥയുണ്ടായി എന്ന് പറയാനാവില്ല,’ മന്ത്രി വ്യക്തമാക്കി.
‘കോട്ടയം മെഡിക്കല്‍ കോളേജിന്റെ ആദ്യത്തെ ബ്ലോക്ക് ആണ് സര്‍ജിക്കല്‍ ബ്ലോക്ക്. ഇതിനോടുചേര്‍ന്നുള്ള ടോയ്‌ലെറ്റ് ബ്ലോക്കിന്റെ മേല്‍ക്കൂരയാണ് ഇന്ന് തകര്‍ന്നുവീണത്. 68 കൊല്ലം മുന്‍പ്, കോട്ടയം മെഡിക്കല്‍ കോളേജ് തുടങ്ങിയപ്പോള്‍ നിര്‍മിച്ച് കെട്ടിടമാണത്. ആ കെട്ടിടം നിലവില്‍ ഉപയോഗിച്ചിരുന്നില്ല, അടച്ചിട്ടിരുന്നതാണ് എന്നാണ് പ്രാഥമികമായി ലഭിച്ചിട്ടുള്ള വിവരം. ഇതടക്കം പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളതായും മന്ത്രി അറിയിച്ചു.
‘കെട്ടിടം ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണെന്ന് 2012-13 കാലഘട്ടത്തില്‍തന്നെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. കെട്ടിടത്തിന്റെ സീലിങ് അടര്‍ന്നുവീഴുന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടുള്ള പിഡബ്ല്യുഡിയുടെയും മറ്റും കത്തിടപാടുകള്‍ നടന്നിട്ടുണ്ട്. എന്നാല്‍ കെട്ടിടത്തിന്റെ അറ്റകുറ്റ പണികള്‍ നടത്തുന്നതിന് വേണ്ടിയോ പൊളിക്കുന്നതിന് വേണ്ടിയോ ഉള്ള ഫണ്ടുകള്‍ അനുവദിച്ചിരുന്നില്ലെന്നും മന്ത്രി ആരോപിച്ചു.
‘2016-ല്‍ കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണ് അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിന് പുതിയ ഫണ്ടുകള്‍ അനുവദിച്ചത്. കോവിഡ് മൂലമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പലതും നിന്നുപോയത്. കേരളത്തില്‍ ആദ്യമായി ഫയര്‍ ആന്‍ഡ് സേഫ്റ്റി ഓഡിറ്റും അതിനൊരു ഗൈഡ്‌ലൈനും കൊണ്ടുവന്നത് ഈ സര്‍ക്കാരാണ്. ദുരന്തനിവാരണ സേനയുമായി ചേര്‍ന്ന് ഇത്തരത്തില്‍ പൊളിഞ്ഞുവീഴാറായ കെട്ടിടങ്ങള്‍ ഉണ്ടോ എന്നും പരിശോധിച്ചിരുന്നു. എവിടെയാണ് വീഴ്ച പറ്റിയത് എന്ന് പരിശോധിക്കും,’ മന്ത്രി വ്യക്തമാക്കി.