കൊച്ചി: യുവനടിയുടെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ റജിസ്റ്റർ ചെയ്ത ലൈംഗികാധിക്ഷേപ കേസില്‍ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രശ്‌നം ഒത്തുതീര്‍പ്പായെന്ന് നടി ഹൈക്കോടതിയെ അറിയിച്ചു. സത്യവാങ്മൂലം പരിഗണിച്ചാണ് നടപടി.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ബോബി ചെമ്മണൂര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ കോടതി നടിയുടെ നിലപാട് തേടിയിരുന്നു. അതിനിടെ ഈ വിഷയത്തില്‍ ബോബി ചെമ്മണൂര്‍ പരസ്യമായി ഖേദപ്രകടനം നടത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കേസ് ഒത്തുതീര്‍പ്പായെന്ന് നടി സത്യവാങ്മൂലം കോടതിയെ അറിയിച്ചത്. തുടര്‍ന്നാണ് ഹൈക്കോടതി നടപടി.
നടിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ബോബി ചെമ്മണൂര്‍ ഖേദ പ്രകടനം നടത്തിയത്. ബോബിയുടെ മാപ്പപേക്ഷ സ്വീകരിക്കുന്നുവെന്ന് നടി പിന്നാലെ അഭിപ്രായപ്പെട്ടരുന്നു. അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായത് ഒരു നല്ല തീരുമാനമാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് തന്റെ മാതാപിതാക്കളോട് സംസാരിച്ചിരുന്നതായും ബോബി ചെമ്മണൂരിന്റെ ഭാഗത്തുനിന്നുണ്ടായ ഖേദപ്രകടനത്തെ അഭിനന്ദിക്കുന്നതായും നടി പറഞ്ഞിരുന്നു.
‘നടിയെ കുറിച്ചുള്ള എന്റെ പ്രസ്താവനകള്‍ അവര്‍ക്കും കുടുംബത്തിനും വലിയ മാനസിക പ്രയാസമുണ്ടാക്കിയിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. ഞാന്‍ വരുത്തിയ ദ്രോഹത്തിന് ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. എന്റെ വാക്കുകള്‍ക്കും അവയുണ്ടാക്കിയ ആഘാതത്തിനും ഞാന്‍ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. വേദനിപ്പിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. ഈ ആത്മാര്‍ഥമായ ക്ഷമാപണം സ്വീകരിച്ച് അവര്‍ കേസ് പിന്‍വലിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അക്കാര്യം പരിഗണിക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു. പോസിറ്റീവായി മുന്നോട്ടുപോകാന്‍ ഞാന്‍ പ്രതിജ്ഞാബദ്ധനാണ്’, ബോബി ചെമ്മണൂരിന്റെ വാക്കുകള്‍.
ഒരു ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ ബോബി ചെമ്മണൂര്‍ ദ്വയാര്‍ഥ പ്രയോഗംകൊണ്ട് അപമാനിച്ചുവെന്ന് ആരോപിച്ച് നടി രംഗത്തെത്തിയിരുന്നു. പിന്നീട് ആ വ്യക്തിയുടെ സ്ഥാപനത്തിന്റെ ഒരു ചടങ്ങിലും പങ്കെടുക്കില്ലെന്ന് താന്‍ തീരുമാനിച്ചിരുന്നുവെന്നും നടി വെളിപ്പെടുത്തി. ഇതോടെ പ്രതികാരമെന്നോണം സോഷ്യല്‍ മീഡിയയില്‍ തന്റെ പേര് മന:പൂര്‍വം വലിച്ചിഴച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന കമന്റുകള്‍ പറയുകയാണ് ആ വ്യക്തി ചെയ്യുന്നതെന്നായിരുന്നു നടി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചത്. പേര് പരാമര്‍ശിക്കാതെയായിരുന്നു നടിയുടെ കുറിപ്പ്. പിന്നാലെ, നടി ബോബിക്കെതിരെ അവര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് വയനാട്ടില്‍വെച്ച് അറസ്റ്റിലായ അദ്ദേഹം പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.
