കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പുറത്തു വന്നതിന് പിന്നാലെ ഭാരവാഹികള്‍ രാജിവെച്ച മലയാള ചലച്ചിത്ര താരസംഘടനയായ ‘അമ്മ’ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡബ്ല്യു.സി.സി അംഗവും നടിയുമായ പത്മപ്രിയ. ‘അമ്മ’ക്ക് തലയും നട്ടെല്ലുമില്ലെന്നും നിരുത്തരവാദപരമായ നടപടിയാണ് ഭരണസമിതിയുടെ രാജിയെന്നും പത്മപ്രിയ കുറ്റപ്പെടുത്തി. ചാനല്‍ അഭിമുഖത്തിലാണ് പത്മപ്രിയ ഈ കാര്യം പറഞ്ഞത്.

‘അമ്മ’യിലെ കൂട്ടരാജി പ്രതീക്ഷിച്ചിരുന്നില്ല. എന്ത് ധാര്‍മികത ഉയര്‍ത്തിയാണ് രാജിയെന്ന് മനസിലാകുന്നില്ല. ആരെല്ലാം നിഷേധിച്ചാലും സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ട്. വെറുമൊരു ലൈംഗികാരോപണം എന്ന നിലയിലാണ് ഇപ്പോഴത്തെ സംഭവങ്ങളെ സിനിമ സംഘടനകള്‍ കാണുന്നത്.

അധികാരശ്രേണി ഉള്ളതുകൊണ്ടാണ് ലൈംഗികാതിക്രമം നടക്കുന്നത്. അക്കാര്യം ആരും പരിഗണനക്ക് എടുക്കുന്നില്ല. സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളെ കുറിച്ച് ഒന്നുമറിയില്ലെന്ന സൂപ്പര്‍ താരങ്ങളുടെ പ്രതികരണത്തില്‍ നിരാശയുണ്ട്. ഒന്നുമറിയില്ലെങ്കില്‍ എല്ലാമറിയാനുള്ള ശ്രമം അവര്‍ നടത്തട്ടെയെന്ന് പത്മപ്രിയ പറഞ്ഞു.

ഡബ്ല്യു.സി.സി അംഗങ്ങള്‍ പോയി കണ്ടതിന് പിന്നാലെ മുഖ്യമന്ത്രി ഹേമ കമ്മിറ്റിയെ നിയോഗിച്ചുവെന്നത് വലിയ കാര്യമാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നാലര വര്‍ഷം പുറത്തു വിടാതിരുന്നതിന് സംസ്ഥാന സര്‍ക്കാര്‍ മറുപടി പറയണം. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാല്‍ മാത്രം പോര. കമ്മിറ്റി ശിപാര്‍ശകളില്‍ എന്ത് നടപടികള്‍ സ്വീകരിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ലെന്നും നടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *