2024 ജൂലൈ ഒന്നു മുതല്‍ 2027 മാര്‍ച്ച് 31 വരെ കാലയളവിലേക്ക് വൈദ്യുതി നിരക്ക് പരിഷ്‌ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ഇബി സമര്‍പ്പിച്ച ശുപാര്‍ശകളിന്‍മേല്‍ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ തെളിവെടുപ്പ് നടത്തി. കോഴിക്കോട് നളന്ദ ടൂറിസ്റ്റ് ഹോമില്‍ നടന്ന ഹിയറിംഗിന് കമ്മീഷന്‍ ചെയര്‍മാന്‍ ടി കെ ജോസിന്റെ നേതൃത്വത്തില്‍ നടന്ന ഹിയറിംഗില്‍ ടെക്നിക്കല്‍ മെംബര്‍ ബി പ്രദീപ്, ലീഗല്‍ മെംബര്‍ അഡ്വ. എ ജെ വില്‍സണ്‍ എന്നിവരും പങ്കെടുത്തു.വിവിധ രാഷ്ട്രീയ, വ്യാപാര, വ്യവസായ സംഘടനകളെ പ്രതിനിധീകരിച്ച് നിരവധി പേര്‍ കമ്മീഷന്‍ മുമ്പാകെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിച്ചു. നിലവില്‍ മേഖലാ തലങ്ങളില്‍ മാത്രം നടന്നുവരുന്ന തെളിവെടുപ്പുകള്‍ എല്ലാ ജില്ലകളിലും നടത്തണമെന്ന നിര്‍ദ്ദേശം യോഗത്തില്‍ ഉയര്‍ന്നു. നിലവിലെ ദ്വൈമാസ ബില്ലിംഗ് രീതിക്കു പകരം ഓരോ മാസവും ബില്ല് നല്‍കുന്ന രീതി നടപ്പിലാക്കുക, വൈദ്യുതി ബില്ലുകള്‍ മലയാളത്തിലാക്കുക, സ്മാര്‍ട്ട് മീറ്റര്‍ സംവിധാനം നടപ്പിലാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും തെളിവെടുപ്പില്‍ പങ്കെടുത്തവര്‍ മുന്നോട്ടുവച്ചു. വൈദ്യുതി ഉപഭോക്താക്കളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്നതിന് പകരം കെഎസ്ഇബിയുടെ ചെലവ് ചുരുക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനുമുള്ള മാര്‍ഗങ്ങള്‍ ആരായണമെന്നും സംസാരിച്ചവര്‍ പറഞ്ഞു. പുതിയ വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി കെഎസ്ഇബിയുടെ ഉടമസ്ഥതയിലുള്ള അണക്കെട്ടുകള്‍ വിനോദസഞ്ചാരത്തിനായി തുറന്നുകൊടുക്കുക, കെഎസ്ഇബി ഗസ്റ്റ് ഹൗസുകളിലെയും ഐബികളിലെയും മുറികള്‍ പൊതുജനങ്ങള്‍ക്ക് വാടകയ്ക്ക് നല്‍കുക, ജീവനക്കാരുടെ ശമ്പളം പുനക്രമീകരിക്കുക, അനാവശ്യ തസ്തികകള്‍ ഒഴിവാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും യോഗത്തിലുയര്‍ന്നുവന്നു.സോമില്‍ ഓണേഴ്‌സ് അസോസിയേഷന്‍, കേരള സ്‌റ്റേറ്റ് റൈസ്, ഫ്‌ളോര്‍ ആന്റ് ഓയില്‍ മില്ലേഴ്‌സ് അസോസിയേഷന്‍, എസിഎഫ്ആര്‍പിഒ, കേരള ടയര്‍ റീട്രേഡേഴ്‌സ് അസോസിയേഷന്‍, കേരളാ സ്റ്റേറ്റ് സ്മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍, റെസിഡന്റ്‌സ് അപെക്്‌സ് കൗണ്‍സില്‍, ഇ-റിക്ഷ ഡ്രൈവേഴ്‌സ് യൂനിയന്‍, കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍, ആം ആദ്മി പാര്‍ട്ടി, കെഎസ്എംഎ, കെഡിപിഎസ് സി, ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റി തുടങ്ങി വിവിധ സംഘടനകളും വ്യക്തികളും കമ്മീഷന്‍ മുമ്പാകെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നൂറിലേറെ പേരാണ് തെളിവെടുപ്പില്‍ പങ്കെടുത്തത്. വൈദ്യുതി നിരക്ക് കൂട്ടുന്നതുമായി ബന്ധപ്പെട്ട കെഎസ്ഇബിയുടെ ശുപാര്‍ശകളില്‍ മേലുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും kserc@erckerala.org എന്ന ഇ-മെയില്‍ വഴിയും സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍, കെപിഎഫ്സി ഭവനം, സി വി രാമന്‍ പിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം- 695010 എന്ന വിലാസത്തിലേക്ക് തപാല്‍ വഴിയും സെപ്റ്റംബര്‍ 10ന് വൈകിട്ട് അഞ്ചു മണി വരെ സ്വീകരിക്കുമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ അറിയിച്ചു. കെഎസ്ഇബി ശുപാര്‍ശകളുടെ പകര്‍പ്പ് www.erckerala.orgല്‍ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *