കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ ഈ മാസം 25ന് തുറക്കാമെന്ന് സർക്കാർ തീരുമാനം.തീയറ്റർ തുറക്കാൻ തീരുമാനമായെങ്കിലും മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായ ‘മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം ഉടന്‍ തിയറ്ററുകളിലേക്ക് ഇല്ലെന്ന് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍.50 ശതമാനം സീറ്റുകളിലാണ് കാണികള്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഈ പ്രദര്‍ശനരീതി നഷ്‍ടമുണ്ടാക്കും എന്നതിനാലാണ് ചിത്രം ഉടന്‍ റിലീസ് ചെയ്യേണ്ട എന്ന തീരുമാനമെന്നും ആന്‍റണി പറഞ്ഞു. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ബജറ്റ് 100 കോടിയാണ്.

കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് പലകുറി മാറ്റിവെക്കേണ്ടിവന്ന മലയാളചിത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ‘മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം’. മലയാളത്തിലെ ആദ്യ 100 കോടി ബജറ്റ് ചിത്രത്തിന്‍റെ അവസാനം പ്രഖ്യാപിക്കപ്പെട്ട റിലീസ് തീയതി ഓഗസ്റ്റ് 12 ആയിരുന്നു. കേരളത്തിലും തമിഴ്നാട്ടിലും മൂന്നാഴ്ചത്തെ ഫ്രീ റണ്‍ ഉള്‍പ്പെടെ തിയറ്ററുടമകള്‍ വാഗ്‍ദാനം ചെയ്‍തിരുന്നെങ്കിലും തിയറ്ററുകള്‍ അടഞ്ഞുകിടന്ന സാഹചര്യത്തില്‍ ചിത്രം വീണ്ടും മാറ്റിവെക്കുകയായിരുന്നു. ചിത്രം അനിശ്ചിതമായി നീണ്ടുപോകുന്ന സാഹചര്യത്തില്‍ അണിയറക്കാര്‍ ഒടിടി റിലീസിലേക്ക് നീങ്ങുമോ എന്ന് സോഷ്യല്‍ മീഡിയയില്‍ ഒരു സമയത്ത് ചര്‍ച്ച ഉയര്‍ന്നിരുന്നു. എന്നാല്‍ ചിത്രം തിയറ്ററുകളില്‍ത്തന്നെ റിലീസ് ചെയ്യാനാണ് താല്‍പര്യമെന്ന് പ്രിയദര്‍ശനും മോഹന്‍ലാലും പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *